‘ചിന്ന കലൈവാനർ’ വിവേകിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിലാണ് സിനിമാലോകം ഇപ്പോഴും. ആക്ഷേപഹാസ്യം നിറഞ്ഞ നർമമുഹൂർത്തങ്ങളിലൂടെ മാത്രമല്ല താരത്തിന്‍റെ നിസ്വാർഥമായ സാമൂഹികസേവനങ്ങളാലും അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായിരുന്നു.
തന്‍റെ ആരാധ്യവ്യക്തിയും സുഹൃത്തുമായ എപിജെ അബ്ദുൾ കലാമിന്‍റെ ആഗ്രഹപ്രകാരം ആരംഭിച്ച ‘ഗ്രീൻ കലാം’ സംരംഭത്തിലൂടെ വിവേക് തമിഴ്‌നാട്ടില്‍ 33 ലക്ഷത്തിലധികം മരത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വർഷങ്ങളായി നിരവധി വനവൽക്കരണ പദ്ധതികളും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും താരം നടപ്പിലാക്കി വരികയായിരുന്നു.
5000 തൈകൾ വച്ചുപിടിപ്പിക്കണമെന്ന് വിവേക് തന്‍റെ ആഗ്രഹം പങ്കുവക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിരുപ്പട്ടൂരിലെ സേക്രഡ് ഹാർട്ട് കോളജ് വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് 5000 മരത്തൈകൾ നട്ടുപിടിപ്പിക്കാമെന്നും എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഈ ഉദ്യമം താൽക്കാലികമായി മാറ്റിവക്കുകയാണെന്നും താരം വീഡിയോയിൽ പറയുന്നു.
"അദ്ദേഹത്തിന്‍റെ പ്രതിജ്ഞ, മുന്നോട്ട് കൊണ്ടുപോകും" എന്ന് കുറിച്ചുകൊണ്ട് തിരുപ്പട്ടൂർ എസ്‌പി വിജയ്‌കുമാർ ഐപിഎസ് വീഡിയോ പങ്കുവച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനതോത് കുറയുന്ന സമയത്ത് മരതൈകൾ വച്ചുപിടിപ്പിക്കുന്നതുമായി മുന്നോട്ട് പോകാമെന്നും ഇപ്പോൾ ഈ ഉദ്യമത്തിലൂടെ ഒരു വിദ്യാർഥിക്ക് പോലും കൊവിഡ് ബാധിക്കരുതെന്ന ആശങ്കയിലാണ് മാറ്റിവക്കുന്നതെന്നും താരം വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
വിവേകിന്‍റെ ആരാധകരും വീഡിയോക്ക് പ്രതികരണം നൽകുന്നുണ്ട്. വിവേകിന്‍റെ ലക്ഷ്യം ഒരു കോടി മരതൈകൾ നട്ടുപിടിപ്പിക്കണമെന്നായിരുന്നു. എന്നാൽ, ഇതുവരെ 33.23 ലക്ഷം തൈകളാണ് വച്ചുപിടിപ്പിച്ചത്. അവയെല്ലാം നമുക്കിനി ജീവവായുവാകുമെന്ന് വൈകാരികമായി ആരാധകർ കമന്‍റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിലാപത്തിന് പകരം അദ്ദേഹത്തിന്‍റെ പ്രതിജ്ഞ നിറവേറ്റി വിവേകിന് ആത്മശാന്തി നേരാമെന്നും ഒരു കൂട്ടം ആരാധകർ പറഞ്ഞു.