കഥാപാത്രമേതായാലും അതിൽ തന്‍റേതായ ശൈലിയിലൂടെ വേറിട്ട പ്രകടനം കാഴ്‌ചവക്കുന്ന ജനപ്രിയ താരമാണ് ബിജു മേനോൻ. നായകനായും പ്രതിനായകനായും ഹാസ്യനടനായും സ്വഭാവനടനായും ദക്ഷിണേന്ത്യൻ സിനിമയിൽ തിളങ്ങിയ താരത്തിന്‍റെ ജന്മദിനമാണിന്ന്.
കണ്ണെഴുതിപ്പൊട്ടും തൊട്ട്, പ്രണയവർണങ്ങൾ, ഇന്നലെകളില്ലാതെ തുടങ്ങിയ ചിത്രങ്ങൾക്ക് നീണ്ട ഇടവേളക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയാണ് അണിയറപ്രവർത്തകർ ബിജു മേനോന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്.
ലളിതമല്ലാത്ത ലളിതം സുന്ദരം പോസ്റ്റർ
പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. ബിജു മേനോനും മഞ്ജു വാര്യർക്കുമൊപ്പം ദീപ്‌തി സതി, സൈജു കുറുപ്പ്, അനു മോഹൻ എന്നിവരെയും പോസ്റ്ററിൽ കാണാം. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ അത്ര ലളിതമല്ല പോസ്റ്ററെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.
More Read: നിര്‍മാതാവും നായികയും മഞ്ജു, സംവിധാനം മധു വാര്യര്‍; ചിത്രം 'ലളിതം സുന്ദരം'
മഞ്ജു വാര്യർ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ മഞ്ജു വാര്യരാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി എന്ന നിർമാണകമ്പനിയും സിനിമയുടെ നിർമാണത്തിൽ പങ്കാളിയാകുന്നു. സൈജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്‌തി സതി എന്നിവരാണ് പ്രധാന താരങ്ങൾ.
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിജോ പോൾ ആണ്. പ്രമോദ് മോഹൻ ആണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.