ദുൽഖർ സൽമാനെയും ഉണ്ണി മുകുന്ദനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയ ചിത്രമാണ് വിക്രമാദിത്യൻ. അവതരണത്തിലും പ്രമേയത്തിലുമെല്ലാം മികവ് പുലർത്തിയതിനാൽ 2014ൽ റിലീസിനെത്തിയ ചിത്രം പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ, സിനിമയിലെ ആദിത്യനായുള്ള ദുൽഖറിന്‍റെ വരവിനെകുറിച്ച് ലാൽ ജോസ് പങ്കുവച്ച അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Also Read: ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് സിനിമ ആര്‍.ബല്‍കിക്കൊപ്പം
സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ച ശേഷം ദുൽഖറിനുണ്ടായിരുന്ന ആശങ്കയും അതിന് താരത്തിന് നൽകിയ മറുപടിയുമാണ് സംവിധായകൻ വ്യക്തമാക്കിയത്. വിക്രമാദിത്യനിലെ ഒരു വൈകാരിക രംഗം എങ്ങനെ ചെയ്യുമെന്ന ആശയക്കുഴപ്പം ദുൽഖറിനുണ്ടായിരുന്നുവെന്നും അതിനെ കുറിച്ച് താരം തന്നെ വിളിച്ച് ചോദിക്കുകയും ചെയ്തു.
ദുൽഖറിനെ കുഴപ്പിച്ച സീൻ
ആദിത്യന്‍റെ അമ്മ എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചില്‍ നിന്നും വന്ന കത്ത് മറച്ച് വച്ചുവെന്നും ജോലിക്കുള്ള തന്‍റെ അവസരം നഷ്ടപ്പെടുത്തിയെന്നും കഥാപാത്രം അറിയുന്ന രംഗമുണ്ട്. വൈകാരികമായ ഈ രംഗത്തിൽ, ആദിത്യൻ മരിച്ച് പോയ അച്ഛന്‍റെ യൂണിഫോം ധരിച്ച് അമ്മയ്ക്ക് മുന്നില്‍ വന്ന് ഡയലോഗ് പറയുന്നതാണ് സീന്‍. "അമ്മ എന്‍റെ അച്ഛനെ മനസിലാക്കി തിരുത്താൻ ശ്രമിച്ചിരുന്നെങ്കിൽ അച്ഛൻ മരിക്കില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു," എന്ന് പറഞ്ഞ ശേഷം ദുൽഖറിന്‍റെ കഥാപാത്രം നാട് വിടുന്നു. ഈ രംഗമാണ് ദുല്‍ഖറിനെ ആശയക്കുഴപ്പത്തിലാക്കിയതെന്ന് ലാൽ ജോസ് വിശദമാക്കി.
"നീ ധൈര്യമായി വാ നിന്നെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന കാര്യം ഞാനേറ്റു" എന്ന് ദുല്‍ഖറിനോട് പറഞ്ഞു. താൻ നൽകിയ ആത്മവിശ്വാസത്തിലാണ് ദുൽഖർ വിക്രമാദിത്യൻ ചെയ്യാമെന്ന് സമ്മതിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു. എന്നാൽ, ഇതിലെ ഏറ്റവും വലിയ പ്രത്യേകത ദുൽഖർ ഒറ്റ ടേക്കില്‍ തന്നെ ആ രംഗം പൂർത്തിയാക്കിയെന്നതാണ്.