മലയാളത്തിനും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട നടനാണ് ലാൽ. സണ്ടക്കോഴി, ദീപാവലി, പോർക്കളം, സീമരാജ, സുൽത്താൻ, ഗോഡ് ഫാദർ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ വർഷങ്ങളായി ലാലും അഭിനയിച്ചുവരുന്നു.
മാരിസെൽവരാജിന്‍റെ കർണൻ ചിത്രത്തിലെ യമരാജ എന്ന ലാലിന്‍റെ ശക്തമായ കഥാപാത്രവും മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ, തമിഴിലും സ്വന്തം ശബ്‌ദം തന്നെ കഥാപാത്രങ്ങൾക്ക് നൽകാറുള്ള ലാൽ കർണനിൽ മറ്റൊരാളുടെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് യമരാജയ്ക്കായി താൻ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന കാരണം വിശദീകരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ലാൽ ഇത് വ്യക്തമാക്കുന്നത്.
കർണൻ സിനിമയുടെ പശ്ചാത്തലം തിരുനെല്‍വേലിയാണ്. ചെന്നൈയിൽ നിന്നും വ്യത്യസ്തമായ ഭാഷാശൈലിയാണ് തിരുനെൽവേലിയിലേത്. തൃശൂർ ഭാഷ പലപ്പോഴും അനുകരണമാകുന്ന പോലെ കർണനിലും അത് സംഭവിക്കുമായിരുന്നു. കർണനെ പോലെ ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുള്ള ചിത്രം പ്രേക്ഷകരിലേക്ക് പൂർണതയോടെ എത്താൻ ഭാഷാശൈലിയിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അഭിനേതാക്കളില്‍ ഭൂരിഭാഗവും ആ നാട്ടുകാരായിരുന്നതിനാൽ തന്‍റെ ഡബ്ബിങ് വേറിട്ടുനില്‍ക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും ലാൽ പറഞ്ഞു.
ലാൽ ട്വിറ്ററിലൂടെ പ്രേക്ഷകർക്ക് നൽകിയ വിശദീകരണം
"കര്‍ണനിലെ യമ രാജയ്ക്കായി ഞാന്‍ എന്തുകൊണ്ടാണ് എന്‍റെ സ്വന്തം ശബ്ദം നല്‍കാതിരുന്നത് എന്ന് നിങ്ങളില്‍ പലരും എന്നോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തിരുനെല്‍വേലിയുടെ പശ്ചാത്തലത്തിലാണ് കര്‍ണന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ തമിഴില്‍ നിന്നും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴ് ഭാഷ വളരെ വ്യത്യസ്തമാണ്. തൃശൂര്‍ മലയാളത്തില്‍ സംസാരിക്കാന്‍ ഒരാളോട് ആവശ്യപ്പെടുകയാണെങ്കില്‍, അത് പലപ്പോഴും ഒരു അനുകരണമായി അവസാനിക്കും, തൃശൂര്‍ സ്വദേശി എങ്ങനെ സംസാരിക്കുന്നതിന് അടുത്തു പോലും എത്തില്ല.
ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുള്ള സിനിമയാണ് കര്‍ണന്‍. അതിനാല്‍ കഥാപാത്രത്തെ പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ തമിഴ് ഭാഷയുടെ സവിശേഷമായ ഒരു ശൈലി ആവശ്യമായിരുന്നു. അഭിനേതാക്കളില്‍ ഭൂരിഭാഗവും അവിടുത്തുകാരാണ്; എന്‍റെ ഡബ്ബിങ് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ നല്ല സാധ്യതയുമുണ്ട്. ഈ സിനിമയ്ക്കായി എന്‍റെ 100 ശതമാനത്തിൽ കുറഞ്ഞതൊന്നും നല്‍കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു, എനിക്ക് ആശങ്കയുണ്ടായിരുന്നു.
More Read: കർണൻ ഒരു അത്ഭുതം; മാരി സെൽവരാജിനെ അഭിനന്ദിക്കുന്ന വിജയ് സേതുപതി
സംവിധായകന്‍ മാരി സെല്‍വരാജും, നിർമാതാവ് കലൈപുലി എസ്. താനുവും ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ നിരന്തരം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നതിനാൽ ഞാന്‍ ഡബ്ബിങ് സെഷനുകള്‍ക്കായി ചെന്നൈയിലേക്ക് പോയിരുന്നു. എങ്കിലും സിനിമയുടെ നന്മയെ കരുതി, ഞാൻ അഭ്യര്‍ഥിച്ചതിനാല്‍ തിരുനെല്‍വേലി സ്വദേശിയുടെ ശബ്ദം ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി," ലാൽ കുറിച്ചു.
സിനിമയുടെ പൂർണതക്ക് വേണ്ടി ലാൽ ഡബ്ബിങ്ങിൽ നിന്നും മാറി നിന്നതെന്തിനാണ് എന്ന് ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും യമ രാജയുടെ ശബ്‌ദം മികച്ചതായിരുന്നുവെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിയിരുന്നത്.