മഹേഷ് നാരായണൻ- ഫഹദ് ഫാസില്‍ ചിത്രം 'മാലിക്കി'നായി ഇനി ദിവസങ്ങൾ മാത്രം ബാക്കി. മലയാളം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. മലയാളത്തിന്‍റെ പ്രിയഗായിക കെ.എസ് ചിത്രയും യുവഗായകൻ സൂരജ് സന്തോഷും ചേർന്നാലപിച്ച 'തീരമേ' എന്ന ലിറിക്കൽ ഗാനമാണ് റിലീസ് ചെയ്‌തത്. അന്‍വര്‍ അലി വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നത് സുഷിന്‍ ശ്യാമാണ്.
ടേക്ക് ഓഫ് ചിത്രത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ സംവിധായകനും നടനും ഒരുമിക്കുന്ന മാലിക്കിൽ വൻ മേക്കോവറിലാണ് ഫഹദ് എത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട സുലൈമാൻ മാലിക്കിന്‍റെ ലുക്കിനായി തനിക്ക് പ്രചോദനമായത് അച്ഛനും സംവിധായകനുമായ ഫാസിലാണെന്ന് ഫഹദ് ഫാസിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മാലിക്കിലെ താരനിര
നിമിഷ സജയൻ നായികയാവുന്ന മാലിക്കിൽ വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, സനല്‍ അമന്‍, ശരത്ത് അപ്പാനി, സുധി കോപ്പ, ദിനേശ് പ്രഭാകര്‍, പാര്‍വ്വതി കൃഷ്‍ണ, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ, രാജേഷ് ശർമ എന്നിവരും പ്രധാന താരങ്ങളാകുന്നു.
More Read: ഈ റമദ പള്ളിക്കാരുടെ ഇടയിൽ നിന്ന് സാറിന് എന്നെ കൊണ്ടുപോകാൻ പറ്റുമെങ്കി, അങ്ങ് കൊണ്ടുപോ സാറേ.... 'മാലിക്' പുതിയ ട്രെയിലർ
സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹകൻ. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മെയ് 14ന് തിയേറ്ററുകളിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന മാലിക് ചിത്രം തിയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസിനെത്തുകയാണ്. ജൂലൈ 15നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.