മലയാളികളുടെ വാനമ്പാടിയും ഇന്ത്യയൊട്ടാകെ ആരാധകരുമുള്ള എക്കാലത്തെയും മികച്ച ഗായികമാരില്‍ ഒരാളാണ് ഗായിക കെ.എസ് ചിത്ര. ചിത്രയുടെ ഏക മകള്‍ നന്ദന ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര ഇപ്പോള്‍. നന്ദനയുടെ മരണം ദൈവത്തിന്‍റെ തീരുമാനമല്ലെന്നും കാലത്തിന് ആ മുറിവ് ഒരിക്കലും ഉണക്കാനാകില്ലെന്നുമാണ് ചിത്ര കുറിച്ചിരിക്കുന്നത്.
കാലത്തിന് ഈ മുറിവ് ഉണക്കാനാകില്ല, മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി കെ.എസ് ചിത്ര - കെ.എസ് ചിത്ര നന്ദന
2011ല്‍ ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. മരിക്കുമ്പോള്‍ എട്ടുവയസായിരുന്നു നന്ദനയ്ക്ക്
'കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്‍റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നുപോകുന്നു. ഞങ്ങളെ രണ്ടുപേരെയും ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും വീണ്ടും ഒരുമിച്ചു ചേരും. എന്‍റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍' എന്നാണ് ചിത്ര സോഷ്യല്‍മീഡിയയില്‍ മകളുടെ ചിത്രത്തോടൊപ്പം കുറിച്ചത്. പ്രിയ ഗായികയെ നിരവധി പേരാണ് കമന്‍റുകളിലൂടെ ആശ്വസിപ്പിക്കുന്നത്.
-
Posted by K S Chithra on Thursday, December 17, 2020
നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്‌ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. മരിക്കുമ്പോള്‍ എട്ടുവയസായിരുന്നു നന്ദനയ്ക്ക്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ 'കാര്‍മുകില്‍ വര്‍ണ'ന്‍റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. അതിനാലാണ് കുഞ്ഞിന് നന്ദന എന്ന് പേര് നല്‍കിയത് പോലും. നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നിരുന്നു.