അംഗീകാരത്തിന്‍റെ നിറവിലാണ് നയൻതാര-വിഘ്നേഷ് ശിവന്‍ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഒരുങ്ങിയ 'കൂഴങ്കല്‍' എന്ന സിനിമ. അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്‌ക്ക് ടൈഗര്‍ അവാര്‍ഡാണ് ലഭിച്ചത്. നവാഗതനായ വിനോദ് രാജാണ് സിനിമ സംവിധാനം ചെയ്‌തത്. മേളയില്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണിത്. സനല്‍ കുമാര്‍ ശശിധരന്‍റെ സെക്‌സി ദുര്‍ഗയായിരുന്നു ആദ്യ ചിത്രം. സംവിധായിക ഗീതു മോഹന്‍ദാസാണ് സിനിമയ്‌ക്ക് പുരസ്‌കാരം ലഭിച്ച സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മികച്ച ചിത്രമാണെന്നും എല്ലാവരും പോയി കാണണമെന്നും ഗീതു മോഹന്‍ദാസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
'റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ മനോഹരമായ ചിത്രത്തിന് ടൈഗര്‍ അവാര്‍ഡ് ലഭിച്ചകാര്യം അറിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആത്മാവ് നിറഞ്ഞ് നില്‍ക്കുന്ന കഥപറച്ചിലും പ്രടനവും കാണാന്‍ ദയവായി സിനിമകാണൂ. വണങ്ങുന്നു വിനോദ് രാജ്. ഒരു സംവിധായന് ചെയ്യാവുന്ന ഏറ്റവും മികച്ച അരങ്ങേറ്റ ചിത്രമാണിത്. ഈ സിനിമയെ പിന്തുണച്ചതിനും നിര്‍മിച്ചതിനും വെങ്കിക്കും നയന്‍താരക്കും ആശംസകള്‍. അവസാനമായി സംവിധായകന്‍ റാം സാറിന് എന്‍റെ ആലിംഗനങ്ങള്‍. വിനോദിനെ വിശ്വസിച്ചതിനാണത്. അദ്ദേഹത്തില്‍ ഒരു മെന്‍ററിനെ കണ്ടെത്തിയത് നിന്‍റെ ഭാഗ്യമാണ് വിനോദ്. ഈ ചിത്രം ഹൃദയം നിറച്ചു... റിലീസ് ചെയ്യുമ്പോള്‍ എല്ലാവരും ഈ സിനിമ കാണൂ...' എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചത്. വിഘ്നേഷും നയന്‍താരയുമെല്ലാം പുരസ്‌കാര ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
-
I am so proud and happy to announce that this gem of a film won the Tiger award at International film festival of...
Posted by Geetu Mohandas on Sunday, 7 February 2021
റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ആദ്യത്തേത് നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി അണിയറയില്‍ ഒരുങ്ങുന്ന നെട്രികണ്‍ ആണ്. ഒരു ആണ്‍കുട്ടിയെയും അവന്‍റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കുഴങ്കള്‍ സഞ്ചരിക്കുന്നത്. യുവൻ ശങ്കർരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കാത്‌വാക്ക്‌ലേ രണ്ട് കാതല്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍.