എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ ഒരാഴ്‌ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സർക്കാരും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. വിചാരണക്കോടതിക്ക് വീഴ്‌ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സാക്ഷി മൊഴികൾ പൂർണ്ണമായും രേഖപ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മഞ്ജു വാര്യർ പറഞ്ഞത് കോടതി രേഖപ്പെടുത്തിയില്ല. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മൊഴിയാണ് രേഖപ്പെടുത്താതിരുന്നത്. മറ്റ് ചില പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല. മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് വിചാരണ കോടതിക്കെതിരെ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. വിചാരണ ഏത് കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെയെന്നും, ഈ കേസ് കേൾക്കാൻ ഇനിയും നിലവിലെ വിചാരണ കോടതി തയ്യാറാണോയെന്ന് ഹൈക്കോടതി ആരായണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിനുശേഷം സർക്കാർ നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് വിചാരണ കോടതിക്കെതിരായ ഹർജികൾ വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയത്.
നടിയെ ആക്രമിച്ച കേസ്, വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍, വിചാരണ സ്റ്റേ ചെയ്‌തു
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹർജികൾ വെള്ളിയാഴ്‌ച ഹൈക്കോടതി പരിഗണിക്കും
വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സർക്കാരും, ഇരയായ നടിയും ഹർജി ആദ്യം പരിഗണിച്ച വേളയിൽ തന്നെ ഉയർത്തിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കൊച്ചിയിലെ വനിതാ ജഡ്‌ജിയുള്ള സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളിൽ ഭൂരിഭാഗം ആളുകളെയും കോടതി വിസ്‌തരിച്ചിരുന്നു. ഇതിനിടയിലാണ് വിചരണ കോടതിയുടെ നടപടികൾ ചോദ്യം ചെയ്‌ത് സർക്കാരും, ഇരയായ നടിയും ഹൈക്കോടതിയെ സമീപ്പിച്ചത്. നീതിന്യായ ചരിത്രത്തിലെ തന്നെ അപൂർവ്വ സംഭവമായാണ് നിയമരംഗത്തുള്ളവർ ഇതിനെ വിലയിരുത്തുന്നത്.