പിണറായി സര്‍ക്കാരിന്‍റെ രണ്ടാം മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിന്നും നിരവധിപേര്‍ അതൃപ്തി അറിയിച്ചിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, അഹാന കൃഷ്ണകുമാർ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രഞ്ജിനി ഹരിദാസ്, മാലാ പാര്‍വതി തുടങ്ങിയവർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ലെന്നാണ് പാർവതി വ്യക്തമാക്കിയത്.
അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു. ഗൗരിയമ്മയും ശൈലജ ടീച്ചറും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗീതു മോഹൻദാസ് എത്തിയത്. ഈ ചിത്രത്തിൽ ഗീതു മോഹൻദാസ് പറയാതെ പറഞ്ഞിട്ടുണ്ട് എല്ലാം. ഗീതു മോഹൻദാസിന്‍റെ മറ്റൊരു പോസ്റ്റ് ഷെയർ ചെയ്‌താണ് അഹാനയുടെ പ്രതികരണം. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. പെണ്ണിന് എന്താ കുഴപ്പം എന്ന ഷൈലജ ടീച്ചറുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു റിമ കല്ലിങ്കലിന്‍റെ പോസ്റ്റ്.
തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയവും അഞ്ച് വർഷത്തെ ലോകോത്തര സേവനവും നൽകിയ ഷൈലജ ടീച്ചർക്ക് ഇടം നൽകാൻ കഴിയുന്നില്ലെങ്കിൽ, എന്ത് ചെയ്യാനാകും? എന്നും റിമ കല്ലിങ്കൽ കുറിച്ചു. ഷൈലജ ടീച്ചറെ തിരികെ വേണമെന്ന ഹാഷ് ടാഗോടെയാണ് റിമ കല്ലിങ്കലിന്‍റെ പ്രതികരണം. എന്നാല്‍ രണ്ടാംവരവില്‍ മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാം പുതുമുഖങ്ങളായിരിക്കുമെന്നത് പാര്‍ട്ടി തീരുമാനമാണെന്ന് നേതാക്കള്‍ അറിയിച്ചു.
അതേസമയം നേതാക്കളുടെ തീരുമാനത്തെ അനുകൂലിച്ചും വിനായകന്‍, ഹരീഷ് പേരടി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സജിത്ത് കുമാര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു വിനായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതിന് മുമ്പ് ശൈലജ ടീച്ചര്‍ ലൊകമറിയപ്പെടുന്ന ഇത്രയും കഴിവുള്ളൊരു നേതാവാണെന്ന് നമ്മളാരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്ന് ചോദിക്കുകയാണ് വിനായകന്‍.
'മന്ത്രിയാവാനുള്ള അവസരം നല്‍കിയത് പാര്‍ട്ടിയാണ്. ഇനി ഇതേ പോലുള്ള മറ്റൊരാളെ സൃഷ്ടിക്കും' എന്നായിരുന്നു വിനായകന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്നാണ് ഹരീഷ് പേരടി കുറിച്ചത്. 'നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്... പിന്നെ പുതിയ ടീച്ചര്‍മാര്‍ വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും... ക്രമേണ നമുക്ക് മനസിലാകും പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്... ടീച്ചര്‍മാര്‍ എത്ര വിദ്യാലയങ്ങളെ കണ്ടതാ... വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ... യാത്ര പറഞ്ഞ് പോകുന്ന എല്ലാ അധ്യാപികാ അധ്യാപകന്‍മാര്‍ക്കും സ്‌നേഹം കലര്‍ന്ന യാത്രമൊഴി... വരാനിരിക്കുന്ന എല്ലാ അധ്യാപികാഅധ്യാപകര്‍ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം... രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍...' ഹരീഷ് പേരടി കുറിച്ചു.
Also read: മലേഷ്യ ടു അംനേഷ്യ മെയ് 28 മുതല്‍ ഒടിടിയില്‍