പുതുവര്‍ഷ ദിനത്തില്‍ സിനിമാപ്രേമികള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക്. കഷണ്ടിവന്ന് നരവന്ന അമ്പതുവയസുകാരനെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് ദിലീപ് ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അടിമുടി മേക്കോവറുമായി അക്ഷരാര്‍ഥത്തില്‍ ദിലീപ് ഫസ്റ്റ്ലുക്കിലൂടെ സിനിമാസ്വാദകരെ ഞെട്ടിച്ചുവെന്ന് പറയാതെ വയ്യ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. സെക്കന്‍റ്ലുക്കിലൂടെ കേശുവിന്‍റെ കൊച്ചുകുടുംബത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. സെക്കന്‍റ് ലുക്കിലും ആരാധകര്‍ക്ക് സര്‍പ്രൈസുണ്ടായിരുന്നു. ദിലീപിന്‍റെ ഭാര്യാ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് സാക്ഷാല്‍ ഉര്‍വ്വശിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്‍റെ നാഥന്‍.
കേശുവിന്‍റെ കുടുംബത്തെ പരിചയപ്പെടുത്തി 'കേശു ഈ വീടിന്‍റെ നാഥൻ' സെക്കന്‍റ്ലുക്ക് പോസ്റ്റർ - urvasi
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെക്കന്‍റ്ലുക്ക് പോസ്റ്ററിലൂടെ കേശുവിന്‍റെ കൊച്ചുകുടുംബത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്
തീയേറ്ററില്‍ ചിരിപ്പൂരം ഒരുക്കാന്‍ കേശുവിനും കുടുംബത്തിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ' ഇരുവരും വേഷമിട്ടിരുന്നെങ്കിലും ദിലീപ് അന്ന് സഹനടന്‍റെ വേഷത്തിലായിരുന്നു. തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്‍റെ നാദ് ഗ്രൂപ്പ് സിനിമാ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്‍റെ നാഥൻ.
സിദ്ദിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂരാണ്. ബി.കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.