മരക്കാറിലൂടെയും ഹെലൻ, കോളാമ്പി, കെഞ്ചിറ തുടങ്ങി കേരളസമൂഹം ഏറ്റെടുത്ത ചിത്രങ്ങളിലൂടെയും മലയാളം ദേശീയ അവാർഡിൽ യശസ്സുയർത്തി. മികച്ച സിനിമ, ഛായാഗ്രഹകൻ, നവാഗത സംവിധായകൻ തുടങ്ങി സിനിമയുടെ പ്രമുഖമേഖലകളിലെ പുരസ്‌കാരങ്ങളെല്ലാം മലയാളം കരസ്ഥമാക്കുമ്പോഴും അന്യഭാഷകളിലെ നേട്ടങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
2019ലെ മികച്ച തമിഴ് ചിത്രം- അസുരൻ. മലയാളത്തിന്‍റെ സ്വന്തം മഞ്ജു വാര്യർ തമിഴിലേക്ക് ചുവടുവച്ചത് വെട്രിമാരൻ ചിത്രത്തിലൂടെയായിരുന്നു. ദേശീയ അവാർഡ് തിളക്കത്തിൽ അസുരൻ രണ്ട് നേട്ടങ്ങൾ കൊയ്യുമ്പോൾ, പച്ചൈയമ്മാളായി തമിഴിലെത്തിയ മഞ്ജു സാന്നിധ്യത്തിൽ മലയാളി സ്‌പർശമുണ്ട്.
റസൂൽ പൂക്കുട്ടി... 12 വർഷങ്ങൾക്ക് മുമ്പ് ഓസ്കർ പുരസ്‌കാരത്തോടെ ലോകപ്രശസ്തി നേടിയ കലാകാരൻ. പാർത്ഥിപൻ എഴുതി, പാർത്ഥിപൻ സംവിധാനം ചെയ്ത്, പാർത്ഥിപൻ നിർമിച്ച്, അദ്ദേഹം നായകനായി അഭിനയിച്ച ഒത്ത സെരുപ്പ് സൈസ് 7. ജൂറിയുടെ പ്രത്യേക പരാമർശം ഉൾപ്പെടെ രണ്ട് അവാർഡുകളാണ് തമിഴ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ശബ്‌ദമിശ്രണത്തിലെ മികവിന് അംഗീകാരമായി റസൂൽ പൂക്കുട്ടിയും ദേശീയ അവാർഡ് നേടി. ഒത്ത സെരുപ്പ് സൈസ് 7ൽ ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും ഒരുമിച്ചായിരുന്നു ശബ്ദലേഖനം നിർവഹിച്ചത്. ഇരുവരും കേരളത്തിന്‍റെ സ്വന്തം പ്രതിഭകൾ. അവാർഡ് ചടങ്ങിൽ ബിബിൻ ദേവിന്‍റെ പേര് പറഞ്ഞിരുന്നില്ലെങ്കിലും തന്‍റെ നേട്ടം അദ്ദേഹത്തിനും അവകാശപ്പെട്ടതാണെന്ന് റസൂൽ പൂക്കുട്ടി പിന്നീട് അറിയിച്ചു.