എറണാകുളം: സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
തിയേറ്ററുകൾ ഉടൻ തുറക്കില്ല; തീരുമാനം മുഖ്യമന്ത്രിയുടെ യോഗത്തിൽ - kerala cm and film association news
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ട എന്ന സർക്കാർ നിർദേശത്തെ ചലച്ചിത്ര സംഘടനകൾ അനുകൂലിച്ചു.
തിയേറ്ററുകളുടെ പ്രവർത്തനം ഇപ്പോൾ പുനരാരംഭിക്കേണ്ട എന്ന സർക്കാരിന്‍റെ നിർദേശത്തോട് ചലച്ചിത്ര സംഘടനകൾ അനുകൂല മറുപടി നൽകി. അതേ സമയം, തിയേറ്ററുകൾ തുറക്കുന്നതിന് മുമ്പ് തന്നെ വിനോദ നികുതിയിൽ ഇളവ് വരുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്ന് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചാംഘട്ട അൺലോക്കിന്‍റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്ത് തിയേറ്ററുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം തമിഴ്‌നാട്ടിലടക്കം ഏതാനും തിയേറ്ററുകൾ തുറക്കുകയും ദീപാവലിക്ക് ചെറിയ ബജറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകൾ അടഞ്ഞുകിടക്കട്ടെ എന്ന നിലപാടാണ് സർക്കാരും ചലച്ചിത്ര സംഘടകളും സ്വീകരിച്ചത്.