കേരളം

kerala

ETV Bharat / sitara

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഷെയ്ന്‍ നിഗം വരെ, മികച്ച നടനായി കടുത്ത പോരാട്ടം - kerala state film award

മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടി, മോഹന്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങി ഷെയ്ന്‍ നിഗം വരെ മത്സരിക്കുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിധി നിര്‍ണയം ഒക്ടോബര്‍ വരെ നീണ്ടത്

kerala state film award related news  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  state film award related news  kerala state film award  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2020
മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഷെയ്ന്‍ നിഗം വരെ, മികച്ച നടനായി കടുത്ത പോരാട്ടം

By

Published : Oct 12, 2020, 2:38 PM IST

Updated : Oct 12, 2020, 3:28 PM IST

അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ 13ന് പ്രഖ്യാപിക്കും. 119 സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. സൂപ്പര്‍ താരങ്ങളുടേത് മുതല്‍ യുവതാരങ്ങളുടെ സിനിമകള്‍ വരെ മത്സര വിഭാഗത്തിലുണ്ട്. എല്ലാ വിഭാഗത്തിലും കടുത്ത മത്സരമാണെന്നാണ് റിപ്പോര്‍ട്ട്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടി, മോഹന്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, ആസിഫ് അലി ഷെയ്ന്‍ നിഗം എന്നിവർ വരെമത്സരിക്കുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിധി നിര്‍ണയം ഒക്ടോബര്‍ വരെ നീണ്ടത്.

മമ്മൂട്ടി

ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. മമ്മൂട്ടി എന്ന നടനിലെ മികച്ച പ്രകടനങ്ങള്‍ പുറത്തുവന്ന സിനിമയായിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ഉണ്ട'. ഹര്‍ഷാദ് ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സി.പി മണികണ്ഠനെന്ന എസ്‌.ഐയായി മമ്മൂട്ടി ജീവിച്ചു. മമ്മൂട്ടിയിലെ അഭിനേതാവിനെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമായിരിക്കും എക്കാലവും എസ്.ഐ മണികണ്ഠന്‍. മറ്റൊരു ചിത്രം എം. പദ്‌മകുമാര്‍ സംവിധാനം ചെയ്‌ത മാമാങ്കമാണ്. പിരീഡ് ആക്ഷന്‍ സിനിമയായി ഒരുക്കിയ ചിത്രത്തില്‍ ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബിഗ് ബജറ്റിലൊരുങ്ങിയ ഈ ചിത്രവും ഇത്തവണ മത്സരത്തിനുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്‌ത പതിനെട്ടാം പടിയാണ് മറ്റൊരു ചിത്രം. ജോണ്‍ എബ്രഹാം പാലയ്ക്കലായി മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.

മോഹന്‍ലാല്‍

മരക്കാര്‍:അറബിക്കടലിന്‍റെ സിംഹം, ലൂസിഫര്‍, ഇട്ടിമാണി മെയ്‌ഡ് ഇന്‍ ചൈന എന്നിവയാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് മരക്കാര്‍:അറബിക്കടലിന്‍റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറാകുന്ന ചിത്രം ഇനിയും പ്രദര്‍ശനത്തിന് എത്തിയിട്ടില്ല. കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ റിലീസ് സാധ്യമാകാതെ വരികയായിരുന്നു. മറ്റൊരു ചിത്രം നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം ലൂസിഫറാണ്. വന്‍ വിജയമായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്. കൂടാതെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന ഖ്യാതിയും ലൂസിഫറിന് സ്വന്തമാണ്. കൂടാതെ രാധിക ശരത്കുമാറും മോഹന്‍ലാലും കേന്ദ്രകഥാപാത്രമായ ഇട്ടിമാണി മെയ്‌ഡ് ഇന്‍ ചൈനയും ഇത്തവണ മത്സരത്തിനുള്ള മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ്.

സുരാജ് വെഞ്ഞാറമൂട്

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, ഡ്രൈവിങ് ലൈസന്‍സ്, വികൃതി, ഫൈനല്‍സ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള സുരാജ് വെഞ്ഞാറമൂട് ചിത്രങ്ങള്‍. മിമിക്രിയിലൂടെയും ഹാസ്യകഥാപാത്രങ്ങളിലൂടെയും സിനിമയിലേക്ക് എത്തി പിന്നീട് കാമ്പുള്ള കഥാപാത്രങ്ങള്‍ അതിഭാവുകത്വമില്ലാതെ തന്മയത്വത്തോടെ അഭിനയിച്ച് മുന്‍നിര നടന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്‌ത സിനിമയായിരുന്നു ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. വാര്‍ധക്യത്തിന്‍റെ അവശതകളുമായി കഴിയുന്ന പരുക്കനായ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ സുരാജ് അവിസ്‌മരണീയമാക്കി. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‌ത് തിയേറ്ററുകളിലെത്തിയ സുരാജ്-പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സും ഇത്തവണ മത്സരവിഭാഗത്തിലുണ്ട്. ഈ ചിത്രത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലും സുരാജ് തിളങ്ങി. മത്സരത്തിനുള്ള മറ്റൊരു സുരാജ് ചിത്രം വികൃതിയാണ്. യഥാര്‍ഥസംഭവങ്ങളെ അടിസ്ഥാനമാക്കി വലിയൊരു സന്ദേശം സമൂഹത്തിന് നല്‍കിയ ചിത്രമായിരുന്നു വികൃതി. എം.സി ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ബധിരനും മൂകനുമായ എല്‍ദോ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. ക്ലൈമാക്‌സിലെ സുരാജിന്‍റെ പ്രകടനം കാണുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ കഴിവ് അളക്കാന്‍ സാധിക്കും. അരുണ്‍ പി.ആര്‍ സംവിധാനം ചെയ്‌ത ഫൈനല്‍സിലും മികച്ച കഥാപാത്രവും പ്രകടനവുമായിരുന്നു സുരാജിന്‍റേത്.

നിവിന്‍ പോളി

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്‌ത മൂത്തോനാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ള നിവിന്‍ പോളി സിനിമ. നടി ഗീതു മോഹന്‍ദാസാണ് മൂത്തോന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. ലക്ഷദ്വീപിലുള്ള പതിനാല് വയസുകാരന്‍ സ്വന്തം ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന കഥയാണ് മൂത്തോന്‍ പറയുന്നത്. നിവിന്‍ പോളി ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ ചിത്രത്തിലെ നടന്‍റെ പ്രകടനം പ്രശംസ അര്‍ഹിക്കുന്നതാണ്.

ആസിഫ് അലി

കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ആസിഫ് അലി എന്ന നടന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതിന്‍റെ ഫലമായി മലയാളിക്ക് ലഭിച്ചൊരു മനോഹര സിനിമയായിരുന്നു കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രം. സ്ലീവാച്ചനായി ആസിഫ് അലി ജീവിക്കുകയായിരുന്നു. നാടകീയതയില്ലാതെ സ്ലീവാച്ചനെ ആസിഫ് വെള്ളിത്തിരയിലെത്തിച്ചു. ലീഡ് റോളില്‍ നിന്നും മാറി ആഷിക് അബുവിന്‍റെ വൈറസിലെ വിഷ്‌ണു ഭാസ്കരന്‍ എന്ന കഥാപാത്രമായും ആസിഫ് അലി കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തി. ഒരു അഭിനേതാവില്‍ നിന്നും ഒരു സിനിമാസ്വാദകന്‍ പ്രതീക്ഷിക്കുന്നതെല്ലാം വൈറസിലെ പ്രകടനത്തിലൂടെ ആസിഫ് അലി നല്‍കി.

ഷെയ്‍ന്‍ നിഗം

കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ള ഷെയ്ന്‍ നിഗം ചിത്രങ്ങള്‍. മധു.സി.നാരായണന്‍ സംവിധാനം ചെയ്‌ത ചിത്രത്തിലെ നാല് സഹോദരന്മാരില്‍ ബോബിയെന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രവും ആളുകള്‍ സ്വീകരിച്ച കഥാപാത്രവും ബോബിയുടെതായിരുന്നു. അനുരാജ് മനോഹര്‍ ചിത്രം ഇഷ്‌കാണ് മത്സരവിഭാഗത്തിലുള്ള മറ്റൊരു ഷെയ്ന്‍ ചിത്രം. ഷെയ്ന്‍ നിഗത്തെപ്പോലെ പ്രതിഭാധനനായ ഒരു യുവനടന് മാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു ഇഷ്‌കിലെ സച്ചിദാനന്ദന്‍.

Last Updated : Oct 12, 2020, 3:28 PM IST

ABOUT THE AUTHOR

...view details