തിരുവനന്തപുരം: ഈ മാസം 11 മുതൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ സെക്കന്‍റ് ഷോയും. ശിവരാത്രി ദിനം മുതൽ കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്‍റ് ഷോ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
കേരളത്തിൽ സെക്കന്‍റ് ഷോക്ക് അനുമതി - priest second show issue latest news
മാർച്ച് 11 ശിവരാത്രി ദിവസം മുതൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ സെക്കന്‍റ് ഷോ അനുവദിക്കും. മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് ആണ് സെക്കന്‍റ് ഷോ പുനരാരംഭിക്കുമ്പോൾ ആദ്യം തിയേറ്ററുകളിലെത്തുന്ന ചിത്രം. എന്നാൽ, തിയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാണ്.
കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ തുറന്നെങ്കിലും സെക്കന്‍റ് ഷോക്ക് അനുവാദമില്ലായിരുന്നു. എന്നാൽ, സിനിമാ വ്യവസായികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തിയേറ്ററുകളിൽ സെക്കന്‍റ് ഷോ അനുവദിക്കില്ലെന്ന തീരുമാനം പിൻവലിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാണ് ഇനി തിയേറ്ററുകൾ പ്രവർത്തിക്കുക.
സെക്കന്‍റ് ഷോ വേണമെന്ന നിർമാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. സിനിമാ തിയേറ്ററുകൾ തുറന്നെങ്കിലും രാത്രി 9 മണിക്ക് ശേഷം പ്രദർശനമില്ലാത്തത് തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു സിനിമ വ്യവസായികളുടെ വാദം. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ചിത്രത്തോടെ കേരളത്തിൽ സെക്കന്‍റ് ഷോ പുനരാരംഭിക്കും.