വലിയ പ്രമോഷനുകളൊന്നുമില്ലാതെ, പറഞ്ഞും കേട്ടറിഞ്ഞുമാണ് നവമാധ്യമങ്ങളിൽ കരിക്ക് ടീം തരംഗമായത്. തേരാ പാരയിൽ തുടങ്ങി വ്യത്യസ്തമായ സീരീസുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ആധിപത്യം നേടിയ കണ്ടന്‍റ് ക്രിയേറ്റർമാരാണ് കരിക്ക്. ഓണവും ക്രിസ്മസും വിഷുവും തുടങ്ങി ലോക്ക് ഡൗണിൽ വരെ പുതിയ എപ്പിസോഡുകളും കഥകളുമായി മലയാളികളെ ചിരിപ്പിച്ച കരിക്ക് നെറ്റ്ഫ്ലിക്സിലേക്കെത്തുകയാണ്.
കരിക്കിന്‍റെ നെറ്റ്ഫ്ലിക്സ് അരങ്ങേറ്റം; 'റിപ്പർ' ശനിയാഴ്ച - ripper karikku latest news
കോമഡി സീരീസുകളിലൂടെ ശ്രദ്ധേയമായ കരിക്കിന്‍റെ 'റിപ്പർ' എന്ന സ്കെച്ച് വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ ശനിയാഴ്ച പുറത്തിറങ്ങും.
കരിക്കിന്‍റെ 'റിപ്പർ' എന്ന സ്കെച്ച് വീഡിയോ ഈ മാസം മൂന്ന് മുതൽ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ശനിയാഴ്ച രാവിലെ 11 മണിക്കാണ് റിപ്പർ പ്രദർശനത്തിനെത്തുന്നത്. നെറ്റ്ഫ്ലിക്സിനെ കൂടാതെ, യൂട്യൂബ്, ഐജി ടിവി, ഫേസ്ബുക്ക് എന്നിവിടങ്ങളിലും ത്രില്ലർ കോമഡി റിപ്പർ റിലീസ് ചെയ്യും. പേര് സൂചിപ്പിക്കുന്ന പോലെ എല്ലാ എപ്പിസോഡുകളിലും പുതുമ കൊണ്ടുവരുന്ന കരിക്ക് ഓരോ സീരീസുകളിലൂടെയും പ്രേക്ഷകരുടെ എണ്ണവും വർധിപ്പിക്കുകയാണ്.
പ്രേക്ഷകരുടെ അഭിപ്രായം സസൂക്ഷ്മം ശ്രദ്ധിച്ച് പുതിയ ഭാഗങ്ങൾ മികവുറ്റതാക്കിയും ഒരു താരത്തിന് മാത്രം പ്രാധാന്യം നൽകാതെ വ്യത്യസ്ത എപ്പിസോഡുകൾ നിർമിച്ചും നിർദോഷ കോമഡികൾ ഒരുക്കിയും സമൂഹ മാധ്യമങ്ങളിൽ വിജയം നേടിയവരാണ് കരിക്ക് ടീം. കരിക്കിന്‍റെ ഓരോ എപ്പിസോഡുകളുടെയും റിലീസ് ആഘോഷമാക്കുന്ന ആരാധകർക്ക് നെറ്റ്ഫ്ലിക്‌സിലേക്കുള്ള ടീമിന്‍റെ ചുവടുവയ്പ്പും വലിയ പ്രതീക്ഷ നൽകുന്നു.