അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‌ത ചിത്രമാണ് മരട് 357'. എന്നാൽ, 2020 ഫെബ്രുവരി 19ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് ചില പരാതികളെ തുടർന്ന് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞിരുന്നു.
പുതിയ പേര് 'വിധി- ദി വെര്‍ഡിക്‌ട്'
സംഭവത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357' എന്ന സിനിമയുടെ പേര് മാറ്റിയതായി സംവിധായകൻ അറിയിച്ചു. 'വിധി- ദി വെര്‍ഡിക്‌ട്' എന്നാണ് സിനിമയുടെ പുതിയ പേരെന്ന് കണ്ണൻ താമരക്കുളം അറിയിച്ചു.
മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‌ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
More Read: കേന്ദ്ര കഥാപാത്രമായി അനൂപ് മേനോന്‍, മരട് 357 ടീസര്‍ എത്തി
ദിനേശ് പള്ളത്താണ് ചിത്രത്തിന്‍റെ രചയിതാവ്. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതവും അവരുടെ അനുഭവങ്ങളും പശ്ചാത്തലമാക്കി ഒരുക്കുന്ന വിധി- ദി വെര്‍ഡിക്‌ട് ഭൂമാഫിയകള്‍ക്കെതിരെയുള്ള സിനിമയാണെന്ന തരത്തിലാണ് പ്രഖ്യാപിച്ചത്.
സെന്‍സറിങ് പൂര്‍ത്തിയാക്കിയതിനാൽ ഉടനെ തന്നെ സിനിമയുടെ റിലീസ് തിയതി പുറത്തുവിടുമെന്നും സൂചനയുണ്ട്. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.