ചെന്നൈ:തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്‍റെ പ്രതിനിധിയായി മത്സരിക്കുന്ന നടൻ കമൽ ഹാസൻ കഴിഞ്ഞ കുറച്ച് മാസമായി ശക്തമായ പ്രചരണവുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ, കുറച്ച് ദിവസത്തേക്ക് താൻ പ്രചരണരംഗത്തുണ്ടാവില്ലെന്നും ചികിത്സ ആവശ്യങ്ങൾക്കായി ഇടവേള എടുക്കുകയാണെന്നും ഉലകനായകൻ അറിയിച്ചു. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരണത്തിന്‍റെ ഭാഗമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.
കാലിന് ശസ്‌ത്രക്രിയ ചെയ്യണം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് കമൽ ഹാസൻ - കമൽ ഹാസൻ തെരഞ്ഞെടുപ്പ് പ്രചരണം വാർത്ത
കുറച്ച് ദിവസത്തേക്ക് താൻ പ്രചരണരംഗത്തുണ്ടാവില്ലെന്നും കാലിന് ശസ്‌ത്രക്രിയ ചെയ്യേണ്ടതിനാൽ ഇടവേളയെടുക്കുകയാണെന്നും കമൽ ഹാസൻ പറഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരണത്തിന്‍റെ ഭാഗമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും നടൻ വ്യക്തമാക്കി.
കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ കാലിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന്‍റെ തുടർ ശസ്ത്രക്രിയക്കായി കുറച്ചുനാൾ പ്രചരണപരിപാടികളിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും കമൽ ഹാസൻ വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ അഞ്ച് മാസമായി പ്രചരണത്തിൽ താൻ സജീവമാണെന്നും വെറും 15 ദിവസങ്ങൾക്കുള്ളിൽ മാത്രം 5000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ജനങ്ങളെ നേരിൽ കണ്ട് സംവദിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
"ആദ്യ ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കാൻ ഡോക്‌ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ഞാനെന്‍റെ രാഷ്ട്രീയപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകൊണ്ട് സഹോദരിസോഹദരന്മാരെ കണ്ടു. ഒരു മാറ്റത്തിനായി കൊതിക്കുന്ന ജനങ്ങളെ കണ്ടുമുട്ടാനും മനസിലാക്കാനും സാധിച്ചു. അവരുമായി എന്‍റെ ലക്ഷ്യവും അവരുടെ ആശങ്കകളും സുരക്ഷയുമൊക്കെ സംസാരിച്ചു. പ്രചരണത്തിനിടയിലും കാലിന് വേദനയുണ്ടായിട്ടും അതെല്ലാം മറന്നത് തമിഴ്നാട്ടിലെ ജനങ്ങൾ തന്ന സ്‌നേഹവും കരുതലും കൊണ്ടാണ്. ഇപ്പോൾ, ഒരു വിശ്രമത്തിനായി പോവുകയാണ്. ശേഷം ഡോക്‌ടർമാരുടെ നിർദേശപ്രകാരം ശസ്‌ത്രക്രിയക്ക് വിധേയനാകും." ഉടൻ തന്നെ താൻ തിരിച്ചുവരുമെന്നും കമൽ ഹാസൻ ട്വിറ്ററിൽ പറഞ്ഞു.