ഉലകനായകന്റെ ദശവതാരത്തിന് കഴിഞ്ഞ ദിവസയമാണ് 13 വയസ് പൂർത്തിയായത്. മുമ്പൊരിക്കലും വെളിപ്പെടുത്താത്ത ചിത്രത്തിലെ രഹസ്യങ്ങൾ പങ്കുവച്ചാണ് ദശാവതാരത്തിന്റെ വാർഷികദിനം കമൽ ഹാസൻ ആഘോഷിച്ചത്. ഒരൊറ്റ ചിത്രത്തിലൂടെ പത്ത് വ്യത്യസ്ത കഥാപാത്രങ്ങളായി അപൂർവനേട്ടം സ്വന്തമാക്കിയ കമൽഹാസൻ തന്നെയായിരുന്നു 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.
ചോഴ സാമ്രാജ്യത്തിൽ തുടങ്ങി 2004നെ വിഴുങ്ങിയ സുനാമി വരെ നീണ്ടുനിന്ന കഥയായിരുന്നു ദശാവതാരത്തിലേത്. കെ.എസ് രവികുമാറിന്റെ സംവിധാനത്തിൽ ജൂൺ 13ന് പുറത്തിറങ്ങിയ തമിഴ് ചിത്രം നിർമിച്ചത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലായിരുന്നു. സിനിമയുടെ തിരക്കഥ മിക്ക സംവിധായകരും നിരസിച്ചിരുന്നു. ആർക്കും മനസിലാകുന്നില്ല എന്നതായിരുന്നു കാരണം. എന്നാൽ, കഥ സിനിമയാക്കാമെന്ന് പറഞ്ഞുകൊണ്ട് രവികുമാർ ദശാവതാരത്തിലേക്ക് വരികയായിരുന്നു.
ചിത്രത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും താൻ ഒറ്റക്കായാണ് പ്രവർത്തിച്ചതെന്ന് കമൽ ഹാസൻ പറഞ്ഞു. അതേ സമയം, മുക്ത ശ്രീനിവാസൻ, സുജാത, മാധവൻ, രമേശ് അരവിന്ദ് തുടങ്ങിയ അനുഭവസമ്പത്തുള്ള മുതിർന്ന എഴുത്തുകാരിൽ നിന്ന് തിരക്കഥക്കായി നിർദേശവും തേടി. പത്ത് അവതാരങ്ങൾക്കായുള്ള ഗെറ്റപ്പിന്റെ തയ്യാറെടുപ്പുകൾക്ക് അമേരിക്കയിൽ 21 ദിവസം ചെലവഴിച്ചു. പല പല ലെയറുകളിലായാണ് മേക്കപ്പ്.