പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, കമൽ ഹാസനെ നായക കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ലോകേഷ് കനകരാജിന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മാസ് ലുക്കിൽ ഉലകനായകനും ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പോസ്റ്ററിലുള്ളത്. 2022ലാണ് വിക്രം റിലീസ് ചെയ്യുക.
ഫഹദ് ഫാസിൽ വില്ലൻ റോളിൽ എത്തുന്നുവെന്നതും സിനിമയ്ക്കായി ആരാധകരുടെ കാത്തിരിപ്പിന് ആഴം കൂട്ടുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയുടെ ടീസർ പുറത്തിറക്കിയിരുന്നു.
കമൽഹാസന്‍റെ മാസ് ആക്ഷൻ രംഗങ്ങളോട് കൂടിയ വിക്രത്തിന്‍റെ ടീസർ ആരാധകർ വൻ ആർപ്പുവിളികളോടെയാണ് വരവേറ്റത്. കമൽഹാസന്‍റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.
രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ ആണ് സിനിമ നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹകന്‍.
കമൽഹാസനെ നായകനാക്കി 1986ൽ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല ലോകേഷിന്‍റെ വിക്രം. കഴിഞ്ഞ ലോക്ക്ഡൗണിൽ ഷൂട്ട് ചെയ്ത് പുറത്തിറക്കിയ ചിത്രത്തിന്‍റെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.