വെട്രിമാരൻ, ഗൗതം വാസുദേവ് മേനോൻ, സുധ കൊങ്ങര, വിഘ്‌നേഷ് ശിവൻ തുടങ്ങി തമിഴകത്തിലെ പ്രമുഖ സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രം ‘പാവ കഥൈകള്‍’ നെറ്റ്ഫ്ലിക്‌സിൽ പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം മുൻപ് റിലീസിനെത്തിയ തമിഴ് ആന്തോളജിയിലെ തങ്കം ചിത്രത്തിലൂടെ കാളിദാസ് ജയറാമും ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്.
പാവ കഥൈകള്‍ ആന്തോളജിയിലെ സുധ കൊങ്ങരയുടെ തങ്കത്തിലാണ് കാളിദാസ് അഭിനയിച്ചത് കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്‍റെ വീട് അപ്പുവിന്‍റേം ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ജയറാമിന്‍റെ മകൻ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വിജയചിത്രങ്ങളുടെ ഭാഗമാകുന്നത് വിരളമായിരുന്നു. എന്നാൽ, തന്നിലെ നടനെ പൂർണമായും കാളിദാസ് പ്രയോഗിച്ചത് പാവ കഥൈകളിൽ സുധാ കൊങ്ങര സംവിധാനം ചെയ്‌ത തങ്കം ചിത്രത്തിലാണെന്ന് തന്നെ പറയാം.
ചിത്രത്തിൽ ട്രാൻസ്ജെൻഡറായാണ് കാളിദാസ് വേഷമിട്ടത് സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ കഥാപാത്രം അക്ഷരാർഥത്തിൽ സിനിമ കണ്ട ഓരോ പ്രേക്ഷകനുള്ളിലും നിറഞ്ഞിട്ടുണ്ട്. വൈകാരിക രംഗങ്ങളിൽ കരയിപ്പിച്ചും പ്രേക്ഷകനെ ആസ്വാദനത്തിന്‍റെ പൂർണതലങ്ങളിലെത്തിച്ചും താരത്തിന്‍റെ സത്താർ ശ്രദ്ധ നേടുകയാണ്. കാളിദാസിന്‍റെ തിരിച്ചുവരവെന്ന് പലരും അഭിപ്രായപ്പെട്ട അഭിനയപ്രകടനത്തിന് ആരാധകർ മാത്രമല്ല, നിരവധി സിനിമാപ്രമുഖരും പ്രശംസയറിയിച്ചു. ദുല്‍ഖര്‍ സല്‍മാൻ, സൂര്യ എന്നിവരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയത്.
സത്താറിനെ സ്വീകരിച്ച പ്രേക്ഷകർക്ക് കാളിദാസും നന്ദി അറിയിച്ചു. നേരത്തെ ആമസോണ്‍ പ്രൈമിൽ പ്രദർശനത്തിനെത്തിയ സുധാ കൊങ്ങരയുടെ പുത്തം പുതു കാലൈ എന്ന ആന്തോളജിയിലും മുഖ്യവേഷം ചെയ്യാൻ സംവിധായിക തെരഞ്ഞെടുത്തത് കാളിദാസിനെയായിരുന്നു. കാളിദാസിന് പുറമെ ശന്തനു, സിമ്രാൻ, സായ് പല്ലവി, കൽക്കി എന്നിവർക്കും മികച്ച പ്രതികരണമാണ് അവരുടെ പ്രകടനത്തിലൂടെ ലഭിക്കുന്നത്.