മലയാളി ഏറെ സ്നേഹിക്കുന്ന ഒരു കുടുംബമാണ് നടന്‍ ജയറാമിന്‍റേത്. അച്ഛന്‍റെയും അമ്മയുടെയും വഴിയെ തന്നെ സഞ്ചരിച്ച് സിനിമയില്‍ സജീവമായികൊണ്ടിരിക്കുകയാണ് ജയറാമിന്‍റെയും നടി പാര്‍വതിയുടെയും മകനായ കാളിദാസും മകള്‍ മാളവികയും. കാളിദാസ് ഇതിനോടകം തന്നെ തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്‌ത് കഴിഞ്ഞു. അഭിനയം ജീവിതത്തിന്‍റെ ആരംഭം മുതല്‍ ചെന്നൈയുമായി വലിയ ഹൃദയബന്ധമുള്ളയാളാണ് ജയറാം. താരത്തിന് ചെന്നൈ വൽസരവാക്കത്ത് അശ്വതിയെന്ന പേരില്‍ ഒരു വീടുമുണ്ട്. വിശാലമുറ്റവും കൃഷിയുമെല്ലാമായി സുന്ദരമായ വീട് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് കാളിദാസ് ജയറാം.
ലോക്ക് ഡൗണ്‍ കാലത്തെ കൃഷിയും പ്രിയപ്പെട്ട വാഹനത്തെയും മുറിയെയും വളര്‍ത്തുനായയെയുമെല്ലാം കാളിദാസ് വീഡിയോയിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്‍റെ ഭാഗമായാണ് കാളിദാസ് ചെന്നൈയിലെ വീട് പരിചയപ്പെടുത്തിയത്. കാളിദാസ് ജനിച്ച് വളര്‍ന്ന വീട് കൂടിയാണ് ചെന്നൈ വല്‍സരവാക്കത്തേത്. അപ്പയോടൊപ്പം ചേര്‍ന്ന് താനും ഇപ്പോള്‍ കൃഷിയെ സ്നേഹിച്ച് തുടങ്ങിയെന്ന് കാളിദാസ് വീഡിയോയിലൂടെ പറയുന്നുണ്ട്.
ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയായിരുന്നു കാളിദാസിന്‍റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് എന്‍റെ വീട് അപ്പൂന്‍റെയും എന്ന സിനിമയിലും അഭിനയിച്ചു. എന്‍റെ വീട്, അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കാളിദാസിന് ലഭിച്ചു. പിന്നീട് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന കാളിദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം മീന്‍ കുഴമ്പും മണ്‍പാനയും എന്ന ചിത്രത്തിലൂടെ നായകനായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിരിച്ചെത്തി.
നായകനായ ആദ്യ മലയാള ചിത്രം എബ്രിഡ് ഷൈനിന്‍റെ പൂമരമായിരുന്നു. കൊവിഡ് കാലത്ത് ചിത്രീകരിച്ച് അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്‌ത പുത്തം പുതു കാലൈ എന്ന തമിഴ് ആന്തോളജിയിലെ ഇളമൈ ഇതോ ഇതോ എന്ന കൊച്ചുസിനിമയാണ് ഏറ്റവും അവസാനം റിലീസിനെത്തിയത്. ജയറാമിന്‍റെ ചെറുപ്പകാലമായിരുന്നു ചിത്രത്തില്‍ കാളിദാസ് അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പ്രതികരണമാണ് കാളിദാസിന്‍റെ അഭിനയത്തിന് ലഭിച്ചത്. ഇനി പുറത്തിറങ്ങാനുള്ളത് പാവ കഥൈകള്‍ നെറ്റ്ഫ്ളിക്സ് ആന്തോളജിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് ചിത്രത്തില്‍ കാളിദാസ് നടത്തിയിരിക്കുന്നത്. ടീസറിലെ കാളിദാസ് വലിയ പ്രതീക്ഷയാണ് പ്രേക്ഷകന് നല്‍കുന്നത്. ഡിസംബര്‍ 18നാണ് പാവ കഥൈകളുടെ റിലീസ്.