തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് നിത്യചെലവിന് പോലും പണം കണ്ടെത്താനാകാതെ മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ. സിനിമാ ചിത്രീകരണങ്ങള്‍ മുടങ്ങിയതോടെ പലരും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. സൂപ്പർതാരങ്ങളോ സിനിമാ സംഘടനകളോ സർക്കാരോ സഹായത്തിനെത്തുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
താരങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ല, മലയാളത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പ്രതിസന്ധിയില്‍ - Junior Artists in Malayalam
താരസംഘടനയായ അമ്മയോ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയോ ലോക്ക് ഡൗൺ കാലത്തുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിപ്പെടുന്നു
പ്രധാന താരങ്ങൾക്ക് പിന്നിൽ ആൾക്കൂട്ടമായും നർത്തകരായുമൊക്കെ പ്രത്യക്ഷപ്പെട്ട് അന്നത്തെ കൂലിയും വാങ്ങി മടങ്ങുന്നവരാണ് ജൂനിയർ ആർട്ടിസ്റ്റുകൾ. ലോക്ക് ഡൗണിൽ സിനിമാ ചിത്രീകരണം ഇല്ലാതായതോടെ ഇവരിൽ പലരുടെയും ജീവിതം വഴിമുട്ടി. സിനിമയോടുള്ള താല്‍പര്യമാണ് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ഇവരെയെല്ലാം പ്രേരിപ്പിക്കുന്നത്. സിനിമകള്‍ ലഭിക്കാത്തപ്പോള്‍ തയ്യല്‍ജോലികളടക്കം ചെയ്താണ് പലരും കുടുംബം പുലര്‍ത്തിയിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ഈ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു സംഘടനപോലും ഇല്ല. താരസംഘടനയായ അമ്മയോ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയോ ലോക്ക് ഡൗൺ കാലത്തുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
വഴിപോക്കനായും പൊലീസുകാരനായുമൊക്കെ വർഷങ്ങളോളം സ്ക്രീനിൽ കണ്ട പലരും ഇന്ന് അര്‍ധപട്ടിണിക്കാരാണ്. താരപ്പകിട്ടുകളില്ലാത്ത ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മറ്റൊന്നിനും വഴിയില്ലാത്ത ഈ ലോക്ക് ഡൗൺ കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ സർക്കാരിന്‍റെയോ താരങ്ങളുടെയോ സഹായം വേണം.