അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 'സാറാസ്' ഒടിടി റിലീസിലൂടെ നാളെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ചിത്രം റിലീസ് ആവുന്നതിനു മുൻപ് സാറാസ് ഒരു ചിരിപ്പടമല്ലെന്നും ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടൺ ഞെക്കുകയെന്നും സംവിധായകൻ ജൂഡ് പറയുന്നു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജൂഡ് റിലീസിന് മുൻപ് പ്രേക്ഷകർക്ക് മുന്നറിയിപ്പ് കൊടുത്തത്.
സിനിമ എന്ന മോഹവുമായി ജീവിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌ന്‍ നായകനാകുന്ന ചിത്രത്തിൽ അന്ന ബെന്നിന്‍റെ അച്ഛന്‍ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, വിജയകുമാർ, ധന്യ വർമ, പ്രശാന്ത് നായർ, വൃദ്ധി വിശാൽ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.
അക്ഷയ് ഹരീഷ് ആണ് തിരക്കഥാകൃത്ത്. നിമിഷ് രവി ഛായാഗ്രഹണവും റിയാസ് കെ. ഖാദർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പാട്ടുകളുടെ ഈണവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് പാടിയ ഗാനവും സാറാസിലുണ്ട്.
ജൂഡിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം :
ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 February 7ന് ' ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 September 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
രണ്ടു ചിത്രങ്ങളും തിയറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്.
നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തീയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.