കൊവിഡ്, ലോക്ക്‌ഡോണ്‍, ന്യൂനമര്‍ദ്ദം, കടല്‍ക്ഷോഭം എന്നിവയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി പേര്‍ക്കാണ് തൊഴിലും വരുമാനവും നഷ്ടപ്പെട്ടത്. കൊവിഡ് മൂലം 2020ല്‍ ഉണ്ടായ പ്രതിസന്ധികള്‍ മറികടന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങുകയായിരുന്നു രാജ്യത്തെ ജനങ്ങള്‍. പ്രതിസന്ധികളെ ഭയന്നിരിക്കുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സജീവമായി രംഗത്തുണ്ട്. ഇപ്പോള്‍ സംവിധായകനും നടനുമായ ജൂഡ് ആന്‍റണിയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോലിക്ക് പോകാന്‍ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കില്‍ തനിക്ക് സമൂഹമാധ്യമങ്ങളില്‍ സന്ദേശമയച്ചാല്‍ ഭക്ഷ്യവസ്‌തുക്കളും മറ്റ് സഹായവും വീട്ടിലെത്തിക്കുമെന്നാണ് ജൂഡ് ആന്‍റണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.
'ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്ക് പോകാൻ പറ്റാത്തവരോ, വരുമാനം ഇല്ലാത്തവരോ, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ഉണ്ടെങ്കിൽ മടിക്കേണ്ട... പ്രൈവറ്റ് മെസേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാൽ മതി.... ഭക്ഷണ കിറ്റ് വീട്ടിലെത്തിയിരിക്കും.... ഈ നന്മയിൽ എല്ലാവര്‍ക്കും പങ്കാളികളാകാം.... ഈ മെസേജ് നിങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യൂ.... നിങ്ങൾക്ക് വരുന്ന പ്രൈവറ്റ് മെസേജുകൾക്ക് നിങ്ങളെ കൊണ്ടാകുന്ന രീതിയിൽ സഹായിക്കൂ....' എന്നാണ് ജൂഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്.