വൈറ്റില പാലം തുറക്കും മുൻപ് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. മുഖ്യമന്ത്രി വന്ന് ഉദ്‌ഘാടനം ചെയ്യാനായുള്ള കാത്തിരിപ്പ് നീളുന്നതോടെ യാത്രക്കാർ ദുരിതത്തിലാവുകയാണെന്നും അതിനാൽ തന്നെ കൊച്ചിയിലെ പുതിയ പിള്ളേർ ചെയ്‌ത കാര്യം അഭിനന്ദനാർഹമാണെന്നും ജോയ് മാത്യു പറഞ്ഞു.
കൊച്ചി പഴയ കൊച്ചി തന്നെ, പക്ഷെ കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികളാണ്: വൈറ്റില പാലത്തിൽ ജോയ് മാത്യുവിന്‍റെ പ്രതികരണം - kochi bridge news
വൈറ്റില പാലം ഉദ്ഘാടനം ചെയ്‌ത കൊച്ചിയിലെ പുതിയ പിള്ളേരുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ എന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.
കൊവിഡിൽ ഉദ്‌ഘാടന മഹാമഹങ്ങൾക്ക് അൽപം ശമനമുണ്ടായിരുന്നു. എന്നാൽ, മാമാങ്കങ്ങളൊന്നും നടന്നില്ലെങ്കിലും അതിന്‍റെ ക്രഡിറ്റ് അടിച്ചുമാറ്റാൻ രക്ഷകനായി മുഖ്യമന്ത്രി അവതരിക്കുകയും അത് വലിയ പരസ്യങ്ങളായി പുറത്തുവരികയും ചെയ്‌തു. എന്നാൽ, വൈറ്റില പാലത്തിന്‍റെ പണി പൂർത്തിയായില്ല. ഉദ്‌ഘാടകന് സമയം ഒത്തുവരാത്തതാണ് കാരണം.
ഉദ്ഘാടകന്‍റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്നും അതിനാൽ തന്നെ കൊച്ചിയിലെ ജനങ്ങൾ പാലമങ്ങു ഉദ്ഘാടിച്ചെന്നും ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. "എന്നാൽ പാലം വാഹനങ്ങൾക്കും മനുഷ്യർക്കും കടന്നുപോകാനുള്ളതല്ല എന്നും അത് ഉദ്ഘാടനം ചെയ്തു കളിക്കാൻ മാത്രമുള്ളതാണെന്നും ധരിച്ചു വെച്ച പൊലീസുകാർ കൊച്ചിയിലെ മിടുക്കന്മാരെയും മിടുക്കികളെയും പിടിച്ചു അകത്താക്കി മഹാരാജാനോട് കൂറ് പുലർത്തി. ഏതായാലും ക്ഷമയുടെ നെല്ലിപ്പലകകണ്ട കൊച്ചിയിലെ പുതിയ കുട്ടികളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ. കൊച്ചി പഴയ കൊച്ചി തന്നെ പക്ഷെ കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികളാണ്; മറക്കണ്ട," ജോയ് മാത്യു സംസ്ഥാന സർക്കാരിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.