മലയാളിക്ക് എക്കാലത്തും ഇഷ്‌ടപ്പെട്ട പൊലീസ് കഥാപാത്രങ്ങളാണ് ഭരത് ചന്ദ്രനും മുഹമ്മദ് സർക്കാരും മാധവനും. ആക്ഷൻ കിംഗായും നിസഹായനായ അച്ഛനായും ആട്ടവും പാട്ടും കളിചിരിയുമായി നായകനായും മലയാളിയെ ത്രസിപ്പിച്ച സുരേഷ് ഗോപിയുടെ 63-ാം ജന്മദിനമാണിന്ന്.
സൂപ്പർതാരത്തിന്‍റെ 252-ാം ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. 'ഇന്ന് എന്‍റെ വിശിഷ്ടദിവസത്തിൽ പാപ്പൻ ചിത്രത്തിലെ സ്റ്റിൽ ആരാധകരുമായി പങ്കുവക്കുന്നു'വെന്ന് സുരേഷ് ഗോപി ട്വിറ്ററിൽ കുറിച്ചു.
പാപ്പനിൽ അച്ഛനൊപ്പം ഗോകുൽ സുരേഷും
ജീപ്പിന് മുൻപിൽ പാപ്പൻ ലുക്കിൽ നിൽക്കുന്ന സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷുമുണ്ട്. 'പാപ്പനിലെ അച്ചനുമൊത്ത് നിൽക്കുന്ന ചിത്രം പങ്കുവക്കുന്നതിൽ സന്തോഷം. വീട്ടിൽ നിങ്ങളെ ഒരു സൂപ്പർഡാഡായും സ്‌ക്രീനിലെ കഥാപാത്രങ്ങളായും കാണുന്നത് മുതൽ കാമറയ്ക്ക് പിന്നിലെ പ്രഭാവലയം നിങ്ങളിൽ നിരീക്ഷിക്കാനാകുന്നത് വരെ, ഞാൻ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. ജന്മദിനാശംസകൾ അച്ഛാ,' എന്ന് ഗോകുൽ സുരേഷ് ട്വീറ്റ് ചെയ്‌തു.
More Read: പാപ്പനിൽ അച്ഛനും മകനുമൊപ്പം; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കനിഹ
സലാം കശ്‌മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ. ഗോകുൽ സുരേഷും കനിഹ, സണ്ണി വെയ്‍ന്‍, ആശ ശരത്ത്, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങകുന്നു. റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനുവിന്‍റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്യാം ശശിധരനാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി പാപ്പൻ നിർമിക്കുന്നു.