സുരേഷ് ഗോപി എന്ന നടന്‍റെ കരിയറിയില്‍ ചാക്കോച്ചി, കുട്ടപ്പായി തുടങ്ങി ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി വരികയാണ്. സിനിമയ്‌ക്ക് പാപ്പനെന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്‍റെ വന്‍ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ കൂടിയാണ് പാപ്പന്‍.
സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നിത പിള്ള, ഗോകുൽ സുരേഷ്, ആശ ശരത്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ ആർ.ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കും. ശ്യാം ശശിധരനാണ് എഡിറ്റിങ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കും. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
മികച്ചൊരു ആക്ഷന്‍ ചിത്രമായിരിക്കും പാപ്പനെന്നാണ് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകളും ആരാധകര്‍ ടൈറ്റില്‍ പോസ്റ്ററിന് കമന്‍റായി കുറിച്ചു. 1986ല്‍ പുറത്തിറങ്ങിയ സായം സന്ധ്യ എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന് തുടക്കമായത്. പിന്നീട് നായര്‍ സാബ്, ഭൂപതി, ലേലം, വാഴുന്നോര്‍, പത്രം, ട്വന്‍റി ട്വന്‍റി, സലാം കശ്‌മീര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.