സമകാലിക സംഭവങ്ങൾ കാർട്ടൂണാക്കി അതിനെ പ്രചരണത്തിന് ഉപയോഗിക്കുന്നത് അമുലിന്‍റെ പതിവ് രീതിയാണ്. സിനിമാതാരങ്ങളും രാഷ്‌ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളും സൈനികരുമൊക്കെ അത്തരത്തിൽ അമുലിന്‍റെ പരസ്യത്തിലെ കഥാപാത്രങ്ങളുമാകാറുണ്ട്. എന്നാൽ, പുതിയയതായി അമുൽ പുറത്തിറക്കിയ പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് (പെറ്റ) ഇന്ത്യ. മൃഗങ്ങളുടെ അവകാശത്തെക്കുറിച്ചും ക്ഷീരോൽപാദനത്തിലൂടെ മനുഷ്യൻ അവയോട് കാണിക്കുന്ന ക്രൂരതയെക്കുറിച്ചും പ്രതികരിച്ച ഓസ്‌കർ ജേതാവ് ജോക്വിന്‍ ഫീനിക്‌സിനായിരുന്നു അമുലിന്‍റെ പുതിയ പരസ്യത്തിന്‍റെ കഥാപാത്രം. അദ്ദേഹത്തിന്‍റെ ഓസ്‌കർ പ്രസംഗം അമുലിന് അത്രക്കങ്ങ് രസിച്ചിട്ടില്ലെന്നാണ് പരസ്യം സൂചിപ്പിക്കുന്നത്.
ജോക്കറിന് വെണ്ണ നൽകുന്ന അമുൽ ഗേൾ; വിമർശനവുമായി പെറ്റ - ജോക്കർ ഓസ്‌കർ
കൈയിൽ ഓസ്‌കറുമായി നിൽക്കുന്ന ജോക്കർ ഫെയിമിനെ അമുൽ ഗേൾ വെണ്ണ കഴിപ്പിക്കുന്നതാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പെറ്റയുടെ പ്രതികരണം
"പ്രകൃതിയിൽ നിന്നും നമ്മളെല്ലാവരും വളരെയധികം അകന്നിരിക്കുന്നു. നമ്മളിൽ ഭൂരിഭാഗവും ലോകത്തിന്‍റെ കേന്ദ്രം മനുഷ്യൻ തന്നെയാണെന്ന ധാരണയിൽ സ്വർഥരാകുകയാണ്. അങ്ങനെ പ്രകൃതിയെ കൊള്ളയടിക്കുന്നു. പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി അവരുടെ മക്കളെ മോഷ്ടിക്കുന്നു. ആ മൃഗങ്ങളുടെ നിലവിളി കാര്യമാക്കുന്നതേയില്ല. കൂടാതെ, പശുക്കിടാക്കൾക്കുള്ള പാൽ അവർക്ക് നൽകാതെ നമ്മുടെ കോഫിയുടെ ഭാഗമാക്കുകയാണ് നാം." മനുഷ്യൻ എല്ലാത്തിലും മികച്ചതാണെന്നും അതിനാൽ തന്നെ സഹജീവികൾക്ക് ഉപദ്രവം ഇല്ലാത്ത രീതിയിലുള്ള മാർഗങ്ങൾ കണ്ടുപിടിക്കാൻ അവർക്ക് സാധിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ജോക്വിന്‍ ഫീനിക്‌സ് അക്കാദമി അവാർഡ് വേദിയിൽ തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് സസ്യാഹാരം മാത്രം പിന്തുടരുന്ന ഹോളിവുഡ് താരം ജോക്വിന്‍ ഫീനിക്‌സിനെ പ്രമേയമാക്കി അമുൽ കാർട്ടൂൺ തയ്യാറാക്കിയത്. കൈയിൽ ഓസ്‌കറുമായി നിൽക്കുന്ന ജോക്കർ ഫെയിമിനെ അമുൽ ഗേൾ വെണ്ണ കഴിപ്പിക്കുന്നതാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ മെച്ചപ്പെട്ട രീതിയിൽ റിസർച്ച് ചെയ്യാനാണ് അമുലിനോട് പെറ്റ ആവശ്യപ്പെട്ടിരിക്കുന്നത്. "പശുക്കൾക്ക് അൽപം വിശ്രമം നൽകി സോയ, ബദാം, ഓട്‌സ്, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് പാൽ ഉൽപാദിപ്പിക്കൂ." പെറ്റ ട്വീറ്റ് ചെയ്‌തു. ജോക്വിന്‍ ഫീനിക്‌സ് ക്ഷീരോൽപന്നങ്ങൾ ഉപയോഗിക്കാറില്ല. അദ്ദേഹമൊരു സസ്യാഹാരിയാണ്. അമുൽ ഒന്നുകിൽ വിഷയത്തെ നന്നായി പഠിക്കുക, അല്ലെങ്കിൽ ഫീനിക്‌സിന്‍റെ ഓസ്‌കർ പ്രസംഗം വിശദമായി കേൾക്കുക എന്നും പെറ്റ അമുൽ പരസ്യത്തിനെതിരെ ട്വിറ്ററിൽ കുറിച്ചു.