ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന 'കുറുപ്പി'നെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും ട്രെയിലറും പുറത്തിറങ്ങിയത്. ഇതോടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ക്രിമിനല്‍ കുറുപ്പിനെ ഹൈലൈറ്റ് ചെയ്യുകയാണെന്ന തരത്തില്‍ വ്യാപക ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
ഈ സംശയം കുറിപ്പിനാല്‍ കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിനും കുടുംബത്തിനും ഉണ്ടായിരുന്നു. കുറിപ്പിലെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നാണെന്നായിരുന്നു ജിതിന്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തെ ന്യായീകരിക്കുന്ന പക്ഷം 'കുറുപ്പി'നെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിതിന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിതിന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. എന്നാല്‍ വക്കീല്‍ നോട്ടീസ് കൈപ്പറ്റുന്നതിന് മുമ്പ് തന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തങ്ങളെ ബന്ധപ്പെട്ടുവെന്നും ജിതിന്‍ പറയുന്നു.
ചിത്രത്തില്‍ കുറുപ്പിനെ ന്യായീകരിക്കുമെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ തന്‍റെ അഭിപ്രായം തിരുത്തിയിരിക്കുകയാണ് ജിതിന്‍ ചാക്കോ പറയുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ വേര്‍ഷന്‍ താന്‍ കണ്ടുവെന്നും അത് സുകുമാര കുറുപ്പിനെ ന്യായീകരിക്കുന്നതല്ലെന്നും ജിതിന്‍ അറിയിച്ചു. ഒരു പ്രമുഖ്യ മാധ്യമത്തോടാണ് ജിതിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറുപ്പില്‍ ദുല്‍ഖര്‍ നായകനാകുന്നുവെന്ന് കേട്ടപ്പോഴും ടീസര്‍ ഇറങ്ങിയപ്പോഴും നല്ല ആശങ്ക ഉണ്ടായിരുന്നു.
എന്നാല്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഞങ്ങളെ വിളിച്ച് കുറുപ്പ് ചിത്രീകരണ രീതികളെ കുറിച്ച് പറഞ്ഞു. സിനിമ മുഴുവന്‍ തീര്‍ത്തിട്ട് ഞങ്ങളെ കാണിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. പിന്നീട് കുറിപ്പിന്‍റെ ഔട്ട്‌ലൈന്‍ കാണിച്ചു തന്നു. ചിത്രത്തിന്‍റെ വര്‍ക്കുകള്‍ കഴിഞ്ഞ് ഒരിക്കല്‍ കൂടി കാണിച്ചു തന്നു. ഈ സിനിമ കണ്ടപ്പോഴാണ് യഥാര്‍ത്ഥ സംഭവങ്ങള്‍ മനസ്സിലാക്കുന്നത്.
പത്രമാധ്യമങ്ങളില്‍ നിന്നാണ് അച്ഛന്‍റെ കൊലപാതകത്തെ കുറിച്ച് കൂടുതലായി അറിഞ്ഞത്. ഞാനും അമ്മയും ഇക്കാര്യങ്ങളൊന്നും അധികം സംസാരിക്കാറില്ല. അമ്മ ഈ സിനിമ കണ്ടിട്ടില്ല. ഇന്‍ഷുറന്‍സ് തട്ടിപ്പിന് വേണ്ടി എന്‍റെ അച്ഛനെ കുറുപ്പ് കൊന്നു എന്നൊരറിവ് മാത്രമേ എനിക്കുള്ളൂ. പക്ഷേ സിനിമ കണ്ടപ്പോഴാണ് അതിനേക്കാളേറെ കാര്യങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായത്. അക്കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കൂടി എത്തുകയെന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.. വളരെ നീതിപൂര്‍വ്വമാണ് ദുല്‍ഖര്‍ സല്‍മാന്‍ ആ വേഷം ചെയ്‌തത്. -ജിതിന്‍ പറഞ്ഞു.