കാസർകോട്:കൊവിഡ് അതിജീവനത്തിന്‍റെ കാലമാണ്. അതിനിടയിലേക്ക് 'ജീവനം' എന്ന കൊച്ചു സിനിമ കൂടിയെത്തുമ്പോള്‍ പ്രത്യേകതയും ഏറെയാണ്. ആറാം ക്ലാസുകാരിയാണ് ഈ സിനിമക്ക് പിന്നിലെന്നറിയുമ്പോഴാണ് കൗതുകം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്ക് പുറമെ അഭിനയിക്കുന്നതും ധനലക്ഷ്മി സി. ബിനോയിയെന്ന കൊച്ചു മിടുക്കിയാണ്.
കൊവിഡ് പശ്ചാത്തലത്തിലുള്ള കഥയാണ് ഹ്രസ്വചിത്രത്തിൽ ധനലക്ഷ്മി അവതരിപ്പിച്ചിട്ടുള്ളത്. ധനലക്ഷ്മി മാത്രമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതും. ശബ്ദങ്ങളിലൂടെ മാത്രം മറ്റു കഥാപാത്രങ്ങള്‍ ലഘുചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. കൊവിഡിന്‍റെ വരവും അത് ജീവിതത്തിലുണ്ടാക്കുന്ന മാറ്റവുമാണ് ജീവനം എന്ന ചിത്രത്തിന്‍റെ പ്രമേയം. ഓരോ തലമുറകളില്‍പെട്ടവർക്കും കൊവിഡ് എങ്ങനെ അനുഭവപ്പെട്ടെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള പ്രവൃത്തികള്‍ വരുത്തിവെക്കുന്ന ദുരന്തവും ജീവനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.