ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി' റിലീസിനൊരുങ്ങുകയാണ്. പ്രേതം, പ്രേതം 2, പുണ്യാളൻ അഗർബത്തീസ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ തന്‍റെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രഞ്ജിത് ശങ്കറാണ് സണ്ണി സംവിധാനം ചെയ്‌തിരിക്കുന്നത്.
പ്രേക്ഷകർ ഏറ്റെടുത്ത സണ്ണിയുടെ ടീസറിന് പിന്നാലെ ചിത്രത്തിലെ ആദ്യഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവ ഗായകരിൽ പ്രശസ്‌തനായ കെ.എസ്. ഹരിശങ്കറാണ് 'നീ വരും' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
സാന്ദ്ര മാധവിന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ ഈണം പകർന്നിരിക്കുന്നു. ചിത്രത്തിലെ ലിറിക്കൽ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
More Read: ജയസൂര്യയുടെ 100-ാം ചിത്രം; 'സണ്ണി' സെപ്‌തംബറിൽ ഒടിടി റിലീസിനെത്തുന്നു
ഡ്രീംസ് എന്‍ ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് സണ്ണി നിർമിച്ചിരിക്കുന്നത്. ഒരു സംഗീതജ്ഞൻ അയാളുടെ നഷ്‌ടപ്പെട്ടുപോയ അഭിരുചിയെ വീണ്ടെടുക്കാൻ നടത്തുന്ന പരിശ്രമമാണ് സിനിമ.
സണ്ണി ലളിതമായ മനുഷ്യ വികാരങ്ങളുടെ മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്നുവെന്നും, താൻ വളരെയധികം അടുത്തിരിക്കുന്ന കഥാപാത്രമാണിതെന്നും ജയസൂര്യ മുൻപ് പറഞ്ഞിട്ടുണ്ട്.
ഷമീർ മുഹമ്മദ് എഡിറ്റിങ്ങും മധു നീലകണ്‌ഠൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്‌റ്റംബര്‍ 23ന് പ്രദർശനത്തിനെത്തും.