കഴിഞ്ഞ രണ്ട് ദശകങ്ങളായി മലയാള സിനിമയുടെ ജനപ്രിയമുഖം. ദോസ്‌തിലെ ചെറിയ വേഷത്തിൽ നിന്നും അയൽവക്കത്തെ പയ്യനായും വില്ലനായും, പിന്നീട് മലയാളസിനിമ പുതിയ ശൈലിയിൽ കഥപറച്ചിലിലേക്ക് ചുവട് മാറിയപ്പോൾ സ്റ്റീഫനായും അബ്‌ദുവായും വെങ്കിയായും ജോൺ ഡോൺ ബോസ്‌കോയായും ജോയ് താക്കോൽക്കാരനായും മേരിക്കുട്ടിയായുമൊക്കെ വിസ്‌മയിപ്പിച്ച ജയസൂര്യ...
ഏറ്റവും ഒടുവിൽ 'വെള്ളം' മുരളിയായി എത്തി മികവുറ്റ പ്രകടനങ്ങളിലൂടെ ഞെട്ടിച്ച ജയസൂര്യയുടെ 100-ാമത്തെ ചിത്രമാണ് 'സണ്ണി'. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഒപ്പം സണ്ണി സെപ്‌തംബർ 23ന് ഒടിടി റിലീസിനെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
സണ്ണി തനിക്കേറെ പ്രിയപ്പെട്ടതെന്ന് ജയസൂര്യ
സണ്ണി മറ്റേതൊരു ചിത്രത്തിലേത് പോലെയും സവിശേഷമായ കഥാപാത്രമാണെങ്കിലും, ഈ ചിത്രം സമാനതകളില്ലാത്ത ആശയമായതിനാൽ കുറച്ചുകൂടി പ്രത്യേകത അർഹിക്കുന്നുവെന്നാണ് ജയസൂര്യ പറഞ്ഞത്. മാനസിക സംഘർഷങ്ങൾ നേരിടുന്ന ഒരു സംഗീതജ്ഞൻ... അയാൾക്ക് നഷ്‌ടപ്പെട്ടുവെന്ന് തോന്നുന്ന സംഗീത അഭിരുചി വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
ജയസൂര്യയുടെ ഹിറ്റ് ചിത്രങ്ങളായ പുണ്യാളൻ അഗർബത്തീസ്, പ്രേതം, പ്രേതം 2, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകൾ ഒരുക്കിയ രഞ്ജിത്ത് ശങ്കർ തന്നെയാണ് സംവിധാനത്തിന് പുറമെ, ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.
More Read: ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ഫസ്റ്റ്‌ലുക്ക് പുറത്ത്
സണ്ണിയുടെ എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദാണ്. മധു നീലകണ്ഠൻ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നു. സംഗീതജ്ഞന്‍റെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിലെ പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് സാന്ദ്ര മാധവും, ഈണം പകർന്നത് ശങ്കർ ശർമയുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്‍റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.