കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഒരുമിക്കുന്നതായി വിഷുദിനത്തിന്‍റെ തലേന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായികയാവുന്നത്. സിനിമയുടെ പ്രഖ്യാപനം സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
സത്യൻ അന്തിക്കാടുമൊത്ത് പുതിയ ചിത്രത്തിന്‍റെ ചർച്ചകൾ ആരംഭിച്ചുവെന്ന സന്തോഷമാണ് ജയറാം പുതിയതായി പങ്കുവക്കുന്നത്. സിനിമയുടെ കഥ വിവരിക്കുന്ന സംവിധായകനെയും കഥ കേൾക്കുന്ന ജയറാമിനെയും ചിത്രത്തിൽ കാണാം. "33 വർഷത്തെ സൗഹൃദം... പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ... എല്ലാവരുടെയും അനുഗ്രഹം വേണം," എന്ന് ജയറാം ഫേസ്ബുക്കിൽ കുറിച്ചു.
More Read:ജയറാമും മീരയും; സത്യൻ അന്തിക്കാട് ചിത്രം ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍
കുടുംബപ്രേക്ഷകർക്ക് ഈ ചിത്രം ഒരു ഉത്സവമായിരിക്കുമെന്നാണ് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിന് ആരാധകർ നൽകുന്ന മറുപടി. 2010ലെ കഥ തുടരുന്നു എന്ന് ചിത്രത്തിലാണ് ജയറാമും സത്യൻ അന്തിക്കാടും ഒടുവിൽ ഒന്നിച്ചെത്തിയത്. സിനിമ കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി.