പാലക്കാട്: 25-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പാലക്കാട് ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിനെത്തുന്ന ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് കമൽ അറിയിച്ചു. ആന്‍റിജൻ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ. പരിശോധന സൗജന്യമായിരിക്കും.
പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ജില്ലയിലെ അഞ്ച് തിയേറ്ററുകളിലായാണ് പ്രദർശനം. പാലക്കാട് ജില്ലയിലെ പ്രിയദർശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവി ദുർഗ എന്നീ അഞ്ച് തിയേറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവും പ്രദർശനം നടക്കുക. ഒരു കേന്ദ്രത്തിൽ (പാലക്കാട് ജില്ലയിൽ മാത്രം) 1500 ഡെലിഗേറ്റ്സിനായിരിക്കും അനുവാദം ഉണ്ടാവുക. ഒരു പാസ് ഉപയോഗിച്ച് അഞ്ച് തിയേറ്ററുകളിൽ എല്ലാ ദിവസവും എല്ലാ പ്രദർശനങ്ങളും കാണാൻ സാധിക്കും.