പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ പരാജയപ്പെട്ട ക്രൈം ത്രില്ലറുകൾക്കിടയിൽ, മലയാളിക്ക് ഓണസമ്മാനമായി വന്ന ഹാപ്പി എൻഡിങ് ഫാമിലി ചിത്രമായിരുന്നു 'ഹോം'.
ഒടിടി റിലീസായി സിനിമ പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ തുടർച്ചയായി സ്ഥാനം കണ്ടെത്താൻ ഹോമിന് കഴിഞ്ഞു.
ഇന്ദ്രൻസ്, മഞ്ജു പിള്ള, നസ്‌ലൻ, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഫിലിപ്‌സ് ആൻഡ് മങ്കിപ്പെൻ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ റോജിൻ തോമസ് രചന നിർവഹിച്ച് സംവിധാനം ചെയ്‌ത ഹോമിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പ്രിയയ്‌ക്ക് ചാൾസിന്‍റെ മോട്ടിവേഷൻ
ഒലിവർ ട്വിസ്റ്റിന്‍റെ വീട്ടിൽ പ്രിയയും കുടുംബവും വിരുന്നിനെത്തിയപ്പോഴുള്ള രംഗമാണിത്. നസ്‌ലൻ അവതരിപ്പിച്ച ചാൾസ് എന്ന കഥാപാത്രവും ദീപ തോമസിന്‍റെ പ്രിയ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്.
'ജീവിതമാദ്യം സപ്ലി തന്ന് തകർക്കാൻ നോക്കി.. പോട്ടെ പുല്ലെന്ന് വച്ചു. പിന്നീട് യൂട്യൂബ് ചാനൽ... എന്നാൽ ടെറസിന് മുകളിലെ കൃഷി അപ്‌ലോഡ് ചെയ്‌തപ്പോൾ വെറും 75 സബ്‌സ്‌ക്രൈബേഴ്‌സിൽ നിന്ന് 750 എത്തി. അതാണ് ലൈഫ്.... ഞാൻ കടന്നുപോയ പ്രശ്‌നങ്ങൾ വച്ചുനോക്കുമ്പോൾ ചേട്ടന്‍റെയും ചേച്ചിയുടെയും ഒന്നും ഒരു പ്രശ്‌നമേ അല്ലെന്ന് മനസിലാകും. ഇതൊക്കെ എന്തിനാ ഞാൻ പറയുന്നത് എന്ന് വച്ചാൽ, ചുമ്മാ ഒരു മോട്ടിവേഷൻ...' - ഇത് പ്രിയയോട് ചാൾസ് പറയുന്നതും വീഡിയോയിൽ കാണാം.
More Read: ഒലിവർ ട്വിസ്റ്റിന്‍റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ ; ഏറ്റെടുത്ത് ട്രോളന്മാരും ആരാധകരും
ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെയാണ് ഹോം പ്രദർശനത്തിനെത്തിയത്. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.