മലയാള സിനിമയില്‍ കഴിഞ്ഞ 36 വര്‍ഷമായി സജീവ സാന്നിധ്യമാണ് നടന്‍ ഇന്ദ്രന്‍സ്. 2018ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന്‍റെ ഭാഗമായി ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മലയാളികള്‍ക്ക് അഭിമാനമായി ഇന്ദ്രന്‍സും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്‍റെ നിലപാടുകളെ കുറിച്ച് വ്യക്തമാക്കിയത്.
ബിജെപിയിലേക്ക് പോയവര്‍ നിലപാടുള്ളവരല്ല, എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയവരാണെന്ന് നടന്‍ ഇന്ദ്രന്‍സ് - രാഷ്ട്രീയ നിലപാട്
പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്‍റെ നിലപാടുകളെ കുറിച്ച് വ്യക്തമാക്കിയത്
'ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ് ഞാന്‍. പാര്‍ട്ടി പ്രവര്‍ത്തനമൊന്നും ഇല്ലെങ്കിലും അടിയന്തരാവസ്ഥയും, പു.ക.സ പ്രവര്‍ത്തനവുമൊക്കെയാണ് ഇടതുപക്ഷക്കാരനാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്തോറും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ദൈവത്തിന്‍റെ അടുത്ത് പോകാം. അത് വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോള്‍ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടതും. ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോകുന്നത് നിലപാടൊന്നും ഉണ്ടായിട്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്. അതില്‍ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നില്‍ക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ് അത്. അതൊക്കെ പിന്നീട് മാറിക്കോളും. പാര്‍ട്ടിയോട് ആരും മനസ് മടുത്ത് പോകില്ല, അവര്‍ നിശബ്ദരാവുകയേയുള്ളൂ. അങ്ങനെ പോകുകയാണെങ്കില്‍ അതൊരു നിലപാടില്ലാത്ത പരിപാടിയാണ്' ഇന്ദ്രന്‍സ് പറഞ്ഞു.