41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഹോക്കിയിലൂടെ ഇന്ത്യയിലേക്ക് ഒളിമ്പിക് മെഡൽ കൊണ്ടുവന്ന പുരുഷ ടീമിന് അഭിനന്ദനങ്ങളുമായി സിനിമാമേഖലയിലെ പ്രമുഖരും. ബോളിവുഡ് താരങ്ങളും മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.
ഇന്ത്യൻ ഹോക്കി ടീമിനും ശ്രീജേഷിനും അഭിനന്ദനം അറിയിച്ച് പ്രമുഖർ
വെള്ളിത്തിരയിൽ ഹോക്കിയിലെ പെൺകരുത്തിന്‍റെ ദ്രോണാചാര്യർ... ചക് ദേ ഇന്ത്യയുടെ കാപ്‌റ്റൻ കബീർ ഖാനെ അനശ്വരമാക്കിയ ഷാരൂഖ് ഖാൻ ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയത്തിൽ ആശംസകൾ നേർന്ന് പങ്കുചേർന്നു.
സണ്ണി ഡിയോൾ, അക്ഷയ് കുമാർ, പിന്നണി ഗായകൻ അർമാൻ മാലിക് തുടങ്ങി നിരവധി ബോളിവുഡ് സാന്നിധ്യങ്ങൾ ചരിത്ര നേട്ടത്തില്‍ ടീമിനെ പ്രശംസിച്ചു.
രാജ്യവികാരം ഉയർത്തിപ്പിടിച്ച് രാജ്യത്തിന് വെങ്കലമെഡൽ നേടിത്തന്ന ഹോക്കി ടീമിന് ഉലകനായകൻ കമൽ ഹാസൻ ട്വിറ്ററിലൂടെ അഭിനന്ദന സന്ദേശം നൽകി.
ഹോക്കി ഇന്ത്യയ്‌ക്ക് അഭിനന്ദനം അറിയിക്കുന്നതിന് ഒപ്പം ഗോൾവലയിൽ കാവൽ നിന്ന മലയാളി താരം പി.ആർ ശ്രീജേഷിൽ അഭിമാനമുണ്ടെന്ന് മലയാള സിനിമാതാരങ്ങൾ പറഞ്ഞു.