കേരളം ലോകത്തിന് സമ്മാനിച്ച ചിത്രസംഗീതം... പാട്ടിലൂടെ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്ന ആ ശ്രവ്യാനുഭവത്തിന് ഇന്ന് അൻപത്തിയെട്ടാം പിറന്നാൾ. പത്‌മഭൂഷണിന്‍റെ നിറവിലാണ് മലയാളത്തിന്‍റെ ചിത്രഗീതത്തിന്‍റെ ഇത്തവണത്തെ ജന്മദിനം. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ബംഗാൾ, ഒഡിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, ബടുക തുടങ്ങി ഇന്ത്യൻ ഭാഷകളും
ലാറ്റിൻ, അറബിക്, സിംഹള, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ വിദേശഭാഷകളും ആസ്വദിച്ചറിഞ്ഞ ഹൃദ്യസ്വരം എത്തിച്ചേരാത്ത പാട്ടിന്‍റെ ശ്രേണികളില്ല. പ്രണയവും വിരഹവും വിയോഗവും ആമോദവും ഉന്മാദവും വാത്സല്യവുമെല്ലാം ഭാവസാന്ദ്രമായി ചിത്രസംഗീതത്തിലൂടെ ആസ്വാദനതലം കണ്ടു.
മെലഡികളും ക്ലാസിക്കുകളും സെമിക്ലാസിക്കുകളും ഫാസ്റ്റ് നമ്പറുകളും യുഗ്മഗാനങ്ങളുമായി മൂവായിരത്തോളം ചലച്ചിത്രഗാനങ്ങളാണ് ചിത്രചൈതന്യത്തിൽ പിറന്നത്.
സംഗീതസംവിധായകൻ എം.ജി രാധാകൃഷ്ണനാണ് കെ.എസ് ചിത്രയെന്ന പതിനാറ് വയസുകാരിയെ മലയാളചലച്ചിത്രത്തിന് പരിചയപ്പെടുത്തുന്നത്. 1979ല്‍ അദ്ദേഹം സംഗീതം ഒരുക്കിയ അട്ടഹാസം എന്ന ചിത്രത്തിനായി ചിത്ര പാടിത്തുടങ്ങി. സിനിമ പുറത്തിറങ്ങാൻ ഒരു വർഷത്തോളം വൈകിയതിനാൽ മലയാളം ആദ്യമായി ആ സ്വരസംഗീതത്തെ ആസ്വദിച്ചത് പത്മരാജന്‍റെ നവംബറിന്‍റെ നഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു. അരികിലോ അകലെയോ... ഗാനം ആസ്വാദകന്‍റെ ആത്മാവിലേക്ക് അലിഞ്ഞുചേർന്നു. പിന്നാലെ എം.ജിയുടെ തന്നെ 'രജനീ പറയൂ...' എന്ന ഗാനം ചിത്രയ്‌ക്ക് സോളോ ഹിറ്റ് സമ്മാനിച്ചു.
More Read: ചിത്ര സംഗീതം, മലയാളിയുടെ ഹൃദയ ഗീതത്തിന് പിറന്നാൾ
1983ല്‍ ഇറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനവും ആസ്വാദകർ ഏറ്റെടുത്തതോടെ ചിത്രസംഗീതത്തിനായി ഭാഷ കടന്നും അവസരങ്ങൾ എത്തി.
രവീന്ദ്രൻ മാസ്റ്റർ, ശ്യാം, എസ്.പി വെങ്കിടേഷ്, മോഹൻ സിതാര, കണ്ണൂർ രാജൻ, ഇളയരാജ, ജോൺസൺ മാഷ്, ഔസേപ്പച്ചൻ, എം.കെ അർജുനൻ, എ.ടി ഉമ്മർ, എം.ബി ശ്രീനിവാസൻ, വിദ്യാസാഗർ, രമേഷ് നാരായണൻ, ശരത്, ജയചന്ദ്രൻ തുടങ്ങി മലയാള ചലച്ചിത്രസംഗീതത്തിന്‍റെ അമരക്കാരായിരുന്ന ഒട്ടുമിക്ക സംഗീതജ്ഞന്മാരുടെയും ഈണത്തിന് കെ.എസ് ചിത്ര ജീവൻ നൽകി.
ഇളയരാജ സംഗീതം പകർന്ന നീ താനേ അന്നക്കുയില്‍ എന്ന ചിത്രത്തിലെ പൂജക്കേത്ത പൂവിത് ഗാനത്തിലൂടെ തമിഴിൽ പിന്നണി ഗായികയായി തുടക്കം കുറിച്ചു. ഇതേ വർഷം 1985ൽ പൂവേ പൂ ചൂടവാ എന്ന ചിത്രത്തിലെ ആലാപനത്തോടെ തമിഴകം ചിത്രയം ചിന്നക്കുയിൽ എന്ന് സ്‌നേഹപൂർവം വിളിച്ചു. ആയിരത്തിലധികം തമിഴ് സിനിമാഗാനങ്ങളുടെ പിന്നണിശബ്‌ദമായ കെ.എസ് ചിത്ര, എ.ആർ റഹ്‌മാൻ, ദേവ, എസ്.എ രാജ്‌കുമാർ, വിദ്യാസാഗർ, സിർപി എന്നിവർക്കൊപ്പവും യുവാൻ ശങ്കർ രാജ, ജി.വി പ്രകാശ് കുമാർ, ഹാരിസ് ജയരാജ്, സന്തോഷ് നാരായണൻ തുടങ്ങിയ യുവസംഗീതജ്ഞർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. എ.ആർ റഹ്മാന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായികയും മലയാളത്തിന്‍റെ പ്രിയപ്പെട്ട ചിത്രയാണ്.
തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി പോലുള്ള ഭാഷകളിലെ ഗായികയായും കെ.എസ് ചിത്ര മുൻനിരയിൽ ഇടംപിടിച്ചു.
ആറ് ദേശീയ പുരസ്‌കാരങ്ങൾ, 15 കേരള സംസ്ഥാന പുരസ്‌കാരങ്ങൾ, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ തുടങ്ങി 35 സംസ്ഥാന ഔദ്യോഗിക പുരസ്‌കാരങ്ങൾ.... പത്‌മശ്രീ, പത്‌മഭൂഷൺ പോലുള്ള ദേശീയ ബഹുമതികൾ... കൂടാതെ ബ്രിട്ടീഷ് പാർലമെന്‍റിൽ കലാപ്രകടനം നടത്തിയ ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതിയും ചൈനയുൾപ്പെടെ വിദേശരാജ്യങ്ങളിലെ സർക്കാർ ആദരിച്ച ഏക ഗായികയെന്നതും കെ.എസ് ചിത്രയുടെ മാത്രം നേട്ടങ്ങളാണ്.
വാനമ്പാടി ചിത്രയ്‌ക്ക് പിറന്നാൾ 'പാടറിയേ പഠിപ്പറിയേ'... 1986ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്‌കാരം കൈവരിച്ചത്. 1987ല്‍ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിലൂടെ തന്‍റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നേടി. 1989ല്‍ വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' ഗാനത്തിന് ചിത്രയെത്തേടി മൂന്നാമത്തെ ദേശീയ പുരസ്‌കാരം എത്തി.
മിന്‍സാരക്കനവ് എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ' ആലപിച്ച് 1996ല്‍ ഗായിക നാലാമത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി. അടുത്ത ദേശീയ പുരസ്‌കാരം വിരാസം എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിലെ 'പായലേ ചുന്‍ മുന്‍' എന്ന ഗാനമായിരുന്നു ചിത്രക്ക് അവാർഡ് നേടിക്കൊടുത്തത്. 2004ല്‍ വീണ്ടും ഒരു തമിഴ് ചിത്രത്തിലൂടെ വാനമ്പാടി ആറാമത്തെ ദേശീയ അംഗീകാരം സ്വന്തമാക്കി. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ പ്രശസ്‌ത ഗാനം ഒവ്വൊരു പൂക്കളുമേയുടെ ആലാപനത്തിനായിരുന്നു അവാർഡ്.
കെ.എസ് ചിത്രയുടെ സോളോ ഹിറ്റുകൾ മാത്രമല്ല, ചലച്ചിത്രഗീതങ്ങളിലൂടെയും ഗാനമേളയിലുമായി ഗായിക ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയ ഗാനഗന്ധർവനൊപ്പമുള്ള പാട്ടുകളെല്ലാം പ്രണയവും വിരഹവുമായി മലയാളത്തിലേക്ക് പെയ്‌തിറങ്ങുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയ അപൂർവനേട്ടവും ദേശീയ സാന്നിധ്യമായ ഗായികയ്‌ക്കുള്ളതാണ്. 1997ൽ മാത്രം 180ലധികം ഗാനങ്ങളാണ് സ്വർഗ്ഗഗായിക പാടിയത്.
സിനിമയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ എം.ജി രാധാകൃഷ്‌ണനാണ് ചിത്രയുടെ ആദ്യ അഞ്ച് ഗാനങ്ങളും ചിട്ടപ്പെടുത്തിയതെന്ന സവിശേഷതയുമുണ്ട്. കുലം, അനന്തഭദ്രം ചിത്രങ്ങളിൽ തന്‍റെ ആദ്യ സംഗീത സംവിധായകനൊപ്പം കെ.എസ് ചിത്ര പിന്നണി പാടിയിട്ടുമുണ്ട്.
നാല് പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യയുടെ വളർച്ചയിലുടനീളം മലയാളിയും അഭിമാനം കൊണ്ട നിമിഷങ്ങളാണ്.
മലയാളത്തിന് എപ്പോഴും തങ്ങളുടെ ഹൃദയഗായികയെ ചിത്രച്ചേച്ചിയെന്നും വാനമ്പാടിയെന്നും വിശേഷിപ്പിക്കാനാണ് ഇഷ്‌ടം. കാലത്തിന് ആയുസ് ഏറിവരുമ്പോഴും ആ സ്വരമാധുര്യത്തിന്‍റെ വീര്യത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌ത മാലിക്കിലെ തീരമേ തീരമേ എന്ന ഗാനത്തിലൂടെയും ആ സ്വരമാധുരി ആസ്വദകനിൽ അലയടിക്കുകയാണ്.
മകൾ നന്ദനയുടെ വേർപാടിന്‍റെ വേദനയോടെയാണ് തന്‍റെ ഓരോ ദിവസവും കടന്നുപോകുന്നതെന്നാണ് പ്രിയഗായിക പറഞ്ഞിട്ടുള്ളത്. എന്നാൽ നോവിനെ ഉള്ളിലേക്ക് ഒതുക്കി വിരിഞ്ഞ പുഞ്ചിരിയോടെ സംഗീതപ്രിയർക്ക് മുൻപിൽ സംഗീതം അലിഞ്ഞ വാക്കുകളും വരികളുമായി കെ.എസ് ചിത്ര കടന്നുവരുന്നു. പാതിരാമഴ ഹംസഗീതങ്ങൾ പാടിയ പോലെ, വീണപൂവിതൾ നിലാവിൽ അലിഞ്ഞു ചേരുന്ന പോലെ... ആസ്വാദകൻ ആ ഹൃദയസംഗീതത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നു. അനശ്വര, വിസ്‌മയ ചിത്ര സംഗീതത്തിന് ഇടിവി ഭാരതിന്‍റെ ഒരായിരം പിറന്നാൾ ആശംസകൾ.