തിരുവനന്തപുരം:"ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
തിരുവനന്തപുരം:"ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍
പാരിനേകും മംഗളാശംസയും"... കവിത കവിതായാവുന്നത് ലാവണ്യം കൊണ്ടല്ല, ദർശനം കൊണ്ടാണെന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സാഹിത്യവാസനകൾ പറഞ്ഞു തരും. കാവ്യപ്രപഞ്ചത്തിന്‍റെ കരുത്തും സ്വാർഥതയും, ഇംഗ്ലീഷ് സാഹിത്യത്തിലുള്ള അഗാധമായ ആഴം, സംസ്കൃതാംശത്തോടെ സർഗാത്മാകമായി അവതരിപ്പിക്കുകയായിരുന്നു കവിതയുടെ വിഷ്ണുലോകം.
വിടവാങ്ങിയത് വെറുമൊരു സാഹിത്യ രചയിതാവല്ല, മലയാള സാഹിത്യവും വേദവും സംസ്‌കൃത പാണ്ഡിത്യവും ഇംഗ്ലീഷ് സാഹിത്യകാരന്മാരെയും കുറിച്ച് നന്നായി അവബോധമുണ്ടായിരുന്ന അതികായനാണ്. വൈദികദർശനത്തിന്‍റെ ഗാംഭീര്യവും വൈദികസാഹിത്യത്തിന്‍റെ ലാവണ്യവും സ്‌പർശിച്ച് അത് നൽകിയ അടിത്തറയിൽ നിന്നുകൊണ്ടും അദ്ദേഹം കവിതകളെഴുതി. തീർഥാടകൻ അവന്‍റെ പാപങ്ങളെ പുണ്യനദിയിലൊഴുക്കി മുക്തി നേടുന്ന പോലെയാണ് സംശുദ്ധിയുടെ കാവ്യലോകം വിഷ്‌ണുനാരായണൻ നമ്പൂതിരി തുറന്നിടുന്നത്.
"അവിടെ പുരോഗമനം പ്രസംഗിക്കുകയല്ല, പ്രവർത്തിക്കുകയായിരുന്നു കവി വിഷ്ണു നാരായണൻ നമ്പൂതിരി"യെന്ന് യുവകവി സുമേഷ് കൃഷ്ണൻ പറയുന്നു. "തന്‍റെ കവിതകളെക്കാൾ വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും സുഗതകുമാരിയുടെയും കവിതകൾ ചൊല്ലിക്കേൾക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു."
പ്രണയഗീതങ്ങള്‍ വായിച്ചപ്പോള്‍ വിഷ്ണുവിനെ പ്രേമ്ജി എന്ന് വിളിക്കാന്‍ തോന്നി എന്നൊരിക്കൽ വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട്. മറവിരോഗവും ശാരീരിക അസ്വസ്ഥതകളും അലട്ടിയ അവസാന കാലത്ത് കവിയെ രാമായണം വായിച്ചു കേൾപ്പിക്കുന്ന ചുമതല ഏറ്റെടുത്ത മൂവരിൽ ഒരാൾ ആയിരുന്നു സുമേഷ് കൃഷ്ണൻ. പ്രൊഫ. വി മധുസൂദനൻ നായരും ഡോ. എസ് ശ്രീദേവിയുമായിരുന്നു മറ്റു രണ്ടു പേർ. രാമായണം കേട്ടിരിക്കെ കണ്ണുകൾ നിറഞ്ഞു വികസിച്ച് നിർവൃതിയിലായിരുന്നു കവി. തന്‍റേതല്ലാത്ത കാരണത്താൽ പലപ്പോഴും വിവാദത്തിൽ പെട്ട കവി ആശയത്തിന്‍റെയും യുക്തിയുടെയും ഉറപ്പുകൊണ്ട് അവയെ അതിജീവിച്ചു. കാലത്തിനു മുമ്പേ നടക്കുകയും മനുഷ്യനെ സ്നേഹിച്ച് കടന്നു പോവുകയും ചെയ്ത വിഷ്ണു നാരായണൻ നമ്പൂതിരിയെ സുമേഷ് കൃഷ്ണൻ അനുസ്മരിക്കുന്നു.