കോഴിക്കോടന്‍ നാടകവേദിയില്‍ കഥ പറഞ്ഞും ഫുട്ബോള്‍ മത്സരങ്ങളില്‍ കളി പറച്ചിലുകാരനായും കലാ- കായികാസ്വാദകരുടെ പ്രിയം നേടിയാണ് ടി ദാമോദരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹരിഹരന് നിർബന്ധിച്ചപ്പോൾ ലൗ മാരേജ് എന്ന ചിത്രത്തിനു വേണ്ടി കടലാസും പേനയുമെടുത്തു. ഓളവും തീരവും, ശ്യാമളച്ചേച്ചി എന്നീ സിനിമകളിൽ അതിന് മുന്നേ മുഖം കാണിച്ചിരുന്നെങ്കിലും സിനിമയ്ക്കായി എഴുതേണ്ടി വരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പിന്നീടിങ്ങോട്ട് ചരിത്ര - രാഷ്ട്രീയ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച് അദ്ദേഹം തന്റേതായ വഴിവെട്ടി. നിരവധി ഹിറ്റുകള്‍ ആ തൂലികയില്‍ പിറന്നു. ഐ.വി ശശി, ഭരതൻ, ഹരിഹരൻ, പ്രിയദർശൻ, ജോഷി തുടങ്ങിയ പ്രഗൽഭ സംവിധായകരുടെ പ്രശസ്തിയിലേക്കുള്ള വളർച്ചക്ക് തുടക്കം കുറിച്ചതും ആ എഴുത്തിന്റെ ശക്തിയായിരുന്നു.
ആര്യനും അദൈത്വവും, ആവനാഴിയും ഇൻസ്പെകടർ ബൽറാമും, അങ്ങാടിയും ഈ നാടും അങ്ങനെ ദാമോദരന്റെ പേര് തിരക്കഥാകൃത്തായി പോസ്റ്ററിൽ തെളിഞ്ഞപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലെത്തി. അതിന് സിനിമയുടെ രൂപം നൽകിയ സംവിധായകരും എഴുത്തുകാരനൊപ്പം വളർന്നു.
1936 സെപ്തംബർ 15ന് കോഴിക്കോട് മീഞ്ചന്ത ഗ്രാമത്തിലെ ചോയിക്കുട്ടിയുടേയും മാളുവിന്റെയും മകനായി ടി ദാമോദരന്‍ ജനിച്ചു. ബാല്യം മുതൽ കലയിലും കായിക രംഗങ്ങളിലും തൽപരൻ. ഡ്രിൽ മാസ്റ്ററായി ജോലി ചെയ്യുന്നതിനിടയിലും നാടകമെഴുതി. യുഗസന്ധ്യ, നിഴൽ, ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ, അനാര്യൻ തുടങ്ങിയ നാടകങ്ങളെല്ലാം ജനശ്രദ്ധ ആകർഷിച്ചു. തിക്കൊടിയന്, കുതിരവട്ടം പപ്പു, ഹരിഹരന്, കുഞ്ഞാണ്ടി എന്നിവരുമായി നാടക രംഗത്ത് സഹകരിച്ചിട്ടുണ്ട്.
മനസാ വാചാ കർമണേയിൽ ആലപ്പി അഷ്റഫിന്റെ തിരക്കഥ പൂർത്തിയാക്കി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്ന്, ഐ.വി ശശിയും ടി ദാമോദരനുമാണ്. ഭരതനൊപ്പം ചേർന്നപ്പോഴും പിറന്നു ഇത്തിരിപ്പൂവേ ചുവന്നപൂവേ, കാറ്റത്തെ കിളിക്കൂട് പോലുള്ള മലയാളത്തിന്റെ വളരെ പ്രശസ്തമായ കഥകൾ. മണിരത്നം മലയാളത്തിൽ ആദ്യമായി സിനിമയെടുത്തതും ദാമോദരൻ മാസ്റ്ററിന്റെ തിരക്കഥയിലായിരുന്നു. 1984ൽ പുറത്തിറങ്ങിയ ഉണരൂ ആണ് ചിത്രം.
വിദ്യാഭ്യാസം നേടിയിട്ടും പ്രാരാബ്ധങ്ങൾക്കിടയിൽ ചുമട്ടുതൊഴിലാളിയാകേണ്ടി വന്ന കോഴിക്കോടങ്ങാടിക്ക് പരിചയമുള്ളയാളാണ് അങ്ങാടി എന്ന സിനിമയിലെ ജയന്റെ കഥാപാത്രത്തിന് ആസ്പദമായത്. ജയന് പുരുഷസങ്കൽപത്തിന്റെ മൂർത്തിമദ്ഭാവത്തിന്റെ വിശേഷണം പതിച്ചു നൽകിയതിൽ ചിത്രത്തിലെ ഡയലോഗുകൾ അത്രയേറെ സഹായിച്ചിട്ടുണ്ട്. ബാബു എന്ന ചുമട്ടുതൊഴിലാളിയുടെ പ്രതിച്ഛായ നിമിഷനേരം കൊണ്ട് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു അങ്ങാടിയിലെ ആ ഇംഗ്ലീഷ് ഡയലോഗ്. പിൽക്കാലത്ത് പല കഥാകാരന്മാരും അനുകരിച്ച ശൈലി. "വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മെയ് ബി വീ ആർ പൂഅർ... കൂലീസ്... ട്രോളി പുള്ളേഴ്സ്... ബട്ട് വീ ആർ നോട്ട് ബെഗ്ഗേഴ്സ്! യൂ എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബികോസ് ഓഫ് ഔർ സ്വെറ്റ് ആൻഡ് ബ്ലഡ്..."വെറും വാചകവേളകളല്ലായിരുന്നു ടി ദാമോദരന്റെ എഴുത്ത്. അതിൽ ശക്തമായ രാഷ്ട്രീയവും സാമൂഹിക പ്രതിബന്ധതയും അദ്ദേഹം സൂക്ഷിച്ചിരുന്നു.