ഭക്തിയും പ്രണയവും മൈലാഞ്ചി മണമുള്ള കവിതകളും കേച്ചേരിപ്പുഴയിലെ ഓളങ്ങളായി ആസ്വാദകനിലേക്ക് പരന്നൊഴുകി. ബാബുക്കയും ദേവരാജനും ശ്രീനിവാസൻ, രാഘവൻ, ശ്യാം, മോഹൻ സിതാര, ഇളയരാജ, കെ.ജെ ജോയ്, എം ജയചന്ദ്രൻ തുടങ്ങിയ സംഗീതജ്ഞർ അവയ്ക്ക് ശ്രുതിലയങ്ങൾ നൽകിയപ്പോൾ അർഥങ്ങളും ഭാവങ്ങളും സൗന്ദര്യബിംബങ്ങളും അലിയിച്ചുചേർത്ത വരികളുടെ ഉപജ്ഞാതാവിനെ ഓരോ ആസ്വാദകനും ഹൃദയത്തോട് ചേർത്തുവെച്ചു. അനുരാഗ ഗാനം പോലെ യൂസഫലി കേച്ചേരിയുടെ കവിഹൃദയം തുടിച്ചപ്പോഴെല്ലാം മലയാളത്തിൽ പിറന്നത് സംഗീതസ്വരങ്ങളുടെ വസന്തകാലം.
തൃശ്ശൂരിലെ കേച്ചേരി എന്ന നാട്ടിൻപുറത്ത് നിന്ന് യൂസഫലി എന്ന ബാലൻ കേട്ടു പരിചയപ്പെട്ടതെല്ലാം മാപ്പിളപ്പാട്ടിന്‍റെ താളമായിരുന്നു. അമ്മയുടെ അച്ഛൻ ഒരു മാപ്പിളപ്പാട്ട് രചയിതാവായിരുന്നു. അദ്ദേഹത്തിന്‍റെ പാട്ടുകൾ അമ്മയിലൂടെ സ്വായത്തമാക്കിയ യൂസഫലി, സംഗീതത്തിന്‍റെ അന്തരീക്ഷത്തിലൂടെയാണ് വളർന്നത്. എന്നാൽ, അഞ്ചാം ക്ലാസിൽ സംസ്കൃതഭാഷ അഭ്യസിക്കാൻ തുടങ്ങിയതോടെ ആ ചെറുബാലൻ കേച്ചേരിപ്പുഴയുടെ അക്കരെ തേടിയിറങ്ങി. മാപ്പിളപ്പാട്ട് മാത്രമല്ല, മതത്തിനും വിശ്വാസത്തിനും അതീതമായ ഭക്തിയും കവിതയും അങ്ങനെ അദ്ദേഹത്തിന്‍റെ സൃഷ്‌ടികളുടെ അടയാളമായി മാറി.
1963ൽ മൂടുപടത്തിനായി രാമു കാര്യാട്ട് കേച്ചേരിയിലെ കവിയെ തേടിയെത്തി. കോഴിക്കോടിന്‍റെ സ്വന്തം ബാബുക്ക ഒരുക്കുന്ന സംഗീതത്തിന്‍റെ രചയിതാവിനുള്ള ക്ഷണവുമായായിരുന്നു വരവ്. ചിത്രത്തിൽ ഭാസ്കരൻ മാഷിന്‍റെ തൂലികയിൽ തളിരിട്ട കിനാക്കൾതൻ എന്ന ഗാനം പിറന്നപ്പോൾ, മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി... എന്ന ഗാനത്തിന് കേച്ചേരിയും ജന്മം നൽകി.
അർഥസമ്പുഷ്ടമായ കവിതകളിലൂടെ പിന്നീട് അദ്ദേഹം മലയാളസിനിമയുടെ പ്രിയപ്പെട്ട കവിയായി. ഇന്ത്യയില്‍ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവിയും യൂസഫലിയാണ്. ബാബുക്ക മുതൽ എം.ജയചന്ദ്രൻ വരെയുള്ള കാലഘട്ടങ്ങളിൽ ഗാനരചയിതാവായി പ്രതിഭ തെളിയിക്കുമ്പോഴും യൂസഫലി കേച്ചേരിയുടെ ഭൂരിഭാഗം ഗാനങ്ങളും പിറന്നത് ബോംബെ രവി, ദേവരാജൻ, മോഹൻ സിതാര എന്നിവർക്കൊപ്പമാണ്.
സംഗീതമേ അമരസല്ലാപമേ, ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ, മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ, അനുരാഗലോല രാത്രി, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തീടാമോ പെണ്ണേ, പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ... വരികളിൽ സന്തോഷത്തിന്‍റെയും പ്രണയത്തിന്‍റെയും ഊഷ്മളത ചേർത്തെഴുതി യൂസഫലി കേച്ചേരി. ഗസൽപ്പൂക്കളിൽ കാവ്യസൃഷ്‌ടി നടത്തി കലാകാരനായ യൂസഫലി കാലാതീതമായ "സുറുമയെഴുതിയ മിഴികളേ" എഴുതി. അദ്ദേഹം കൃഷ്ണഭക്തിയിലേക്ക് അഭിരമിച്ചപ്പോൾ കൃഷ്‌ണ കൃപാസാഗരം പിറന്നു. മൂന്ന് സംസ്കൃത പദങ്ങളിലേക്ക് തന്‍റെ അഭേദ്യമായ ഭക്തി സമന്വയിപ്പിച്ച രചന. യൂസഫലിയിലെ കൃഷ്‌ണാരാധന മറ്റൊന്നു കൂടി ആസ്വാദകന് പരിചയപ്പെടുത്തുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ "ആലിലക്കണ്ണാ.." എന്ന ഗാനത്തിലൂടെ... സംസ്കൃതം തീരെ ഉപയോഗിക്കാതെ ഒരു അന്ധൻ തന്‍റെ ഈശ്വരനെ കരളുരുകി വിളിക്കുന്ന അനുഭവം.