ഒക്‌ടോബറിലെ രണ്ടാം ദിവസം... വയലിൻ തന്ത്രികൾ നിലച്ച ചൊവ്വാഴ്‌ച... ആ വാർത്ത ഉൾക്കൊള്ളാനാവാതെയാണ് അന്ന് നേരം പുലർന്നത്. പ്രണയവും വിരഹവും ആത്മരാഗമായി ബാലഭാസ്‌കറിലൂടെ മലയാളം ആവോളം ആസ്വദിച്ചിരുന്നു. അതിനാൽ പ്രിയകലാകാരന്‍റെ അവിശ്വസനീയമായ വിയോഗം മലയാളികൾ ഞെട്ടലോടെയാണ് ഇന്നും ഓർമിക്കുന്നത്. വയലിൻ മാന്ത്രികൻ ബാല ഭാസ്‌കർ കൺമറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം.
വിരലുകളിലെ സംഗീതം വയലിനിൽ ഇന്ദ്രജാലം തീർത്തപ്പോൾ ആസ്വാദകഹൃദയങ്ങളിൽ ബാലഭാസ്‌കർ ചിരപ്രതിഷ്‌ഠ നേടി. കണ്ണുകളെ സംഗീതത്തിലേക്ക് കൂട്ടിച്ചേർത്ത്, ചുണ്ടിൽ നനുത്ത പുഞ്ചിരിയുമായി സംഗീതസദസ്സുകളെ വിസ്‌മയിപ്പിച്ച ബാലഭാസ്‌കറിനെ അടുത്ത സുഹൃത്തുക്കൾ മാത്രമല്ല, സംഗീതലോകമാകെ തങ്ങളുടെ പ്രിയപ്പെട്ട ബാലുവെന്നാണ് വിളിച്ചിരുന്നത്.
സ്റ്റേജ് ഷോകളിലൂടെയാണ് ആസ്വാദകർക്ക് ബാലഭാസ്‌കറിനെ കൂടുതൽ പരിചയം. എങ്കിലും മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്‍റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് തുടങ്ങിയ സിനിമകളുടെ സംഗീതജ്ഞനായും ബാലഭാസ്‌കർ പേരെടുത്തു. നിനക്കായ്, ആദ്യമായ് തുടങ്ങി നിരവധി സംഗീത ആൽബങ്ങളും വയലിൻ മാന്ത്രികനിലൂടെ സംഗീതത്തിൽ പിറന്നു. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ കാൽനൂറ്റാണ്ടിന്‍റെ സംഗീതജീവിതം സമ്പാദിച്ച ബാലുവാണ് മലയാളിക്ക് ഫ്യൂഷൻ മ്യൂസിക് പരിചയപ്പെടുത്തുന്നതും.