തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍ സംസ്ഥാനത്തിന്‍റെ നാല് മേഖലകളിലായി നടക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേളയാണ് കൊവിഡ് മൂലം നീട്ടിവെച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മേളയുടെ രജതജൂബിലി പതിപ്പ് നടക്കുക. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള സംഘടിപ്പിക്കുന്നത്.
ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതല്‍: മേള ഇത്തവണ നാല് മേഖലകളില്‍ - IFFK news latest
തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള സംഘടിപ്പിക്കുന്നത്. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ജനുവരി 29നും ടെലിവിഷൻ പുരസ്‌കാരങ്ങൾ ജനുവരി ഒമ്പതിനും വിതരണം ചെയ്യുമെന്നും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയുമാണ് മേള. ഓരോ മേഖലയിലും അഞ്ച് തിയേറ്ററുകളിലായിട്ടാകും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. പരമാവധി 200 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. മേളയുടെ ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരത്തും സമാപന ചടങ്ങ് പാലക്കാടുമായിരിക്കും. മേളയുടെ ഭാഗമായി മറ്റ് പൊതുപരിപാടികളൊന്നും ഉണ്ടായിരിക്കില്ല. ഉദ്ഘാടന- സമാപന ചടങ്ങുകളിലും പരമാവധി 200 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. കൂടാതെ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ആന്‍റിജന്‍ ടെസ്റ്റും സംഘടിപ്പിക്കും. മീറ്റ് ദി ഡയറക്ടര്‍, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവ ഓണ്‍ലൈനായിരിക്കും. മേളയിലെ എല്ലാ സിനിമകളും എല്ലാ മേഖലകളിലും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗം, ലോക സിനിമ വിഭാഗം എന്നീ സിനിമകള്‍ക്ക് രണ്ട് പ്രദര്‍ശനങ്ങളും, മറ്റ് വിഭാഗങ്ങള്‍ക്ക് ഓരോ പ്രദര്‍ശനവുമായിരിക്കും ഉണ്ടായിരിക്കുക.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് പാസ് തുക 750 ആയും വിദ്യാര്‍ഥികള്‍ക്കുള്ള പാസ് തുക 400 ആയും കുറച്ചിട്ടുണ്ട്. സിനിമകള്‍ കാണാനായുള്ള തിയേറ്ററിലേക്കുള്ള പ്രദര്‍ശനാനുമതി റിസര്‍വേഷനിലൂടെ ലഭിക്കും. ഓരോ പ്രദര്‍ശനത്തിന് ശേഷവും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യും. മേളയ്ക്ക് 48 മണിക്കൂര്‍ മുമ്പ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ ഡെലിഗേറ്റ് പാസ് ലഭിക്കൂ. അതേസമയം സംസ്ഥനത്തെ തിയേറ്ററുകൾ തുറക്കുന്നതിൽ ഒന്നു കൂടി ആലോചിച്ച ശേഷം മാത്രമെ തീരുമാനം എടുക്കുകയുള്ളൂ എന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ജനുവരി 29നും ടെലിവിഷൻ പുരസ്‌കാരങ്ങൾ ജനുവരി ഒമ്പതിനും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.