എറണാകുളം:അവതരണത്തിലെ പുതുമകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഹാസ്യം കൊച്ചിയിലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ പ്രധാന ആകർഷണമായി. ഹരിശ്രീ അശോകൻ അഭിനയിച്ച ഹാസ്യം സംവിധാനം ചെയ്തത് ജയരാജാണ്. മനുഷ്യൻ ഏറ്റവും ഭയക്കുന്ന മരണമെന്ന യാഥാർഥ്യത്തിന്‍റെ വേറിട്ടൊരു ആവിഷ്കാരമാണ് ഹാസ്യം. മൃതദേഹങ്ങൾ മെഡിക്കൽ കോളജുകൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ഇടനിലക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്ത് നടന്ന മേളയുടെ ആദ്യ പതിപ്പിലും ഹാസ്യം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രദർശനം.
ഐഎഫ്എഫ്കെ കൊച്ചി; മൂന്നാം ദിവസം സദസ് കീഴടക്കി ഹാസ്യം - international film festival kerala 2021 news
മൂന്നാം ദിവസം പ്രദർശിപ്പിച്ച ജയരാജ് ചിത്രം ഹാസ്യം, അറ്റെൻഷൻ പ്ലീസ്, സി യു സൂൺ, വാങ്ക്, ബിരിയാണി എന്നീ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണം നേടി.
മെമ്മറി ഹൗസ്, ദെയർ ഈസ് നോ ഈവിൾ, ഡെസ്റ്ററോ, ക്രോണിക്കിൾസ് ഓഫ് സ്പെയ്സ്, ലോൺലി റോക്ക് തുടങ്ങിയവയാണ് ഇന്ന് പ്രദർശിപ്പിച്ച മറ്റ് മത്സര ചിത്രങ്ങൾ. അറ്റെൻഷൻ പ്ലീസ്, സി യു സൂൺ, വാങ്ക്, ബിരിയാണി എന്നിവയായിരുന്നു മൂന്നാം ദിനം പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങൾ. ഇന്നും കേരളത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ സ്വപ്‌നങ്ങൾ തകർക്കുന്നത് എങ്ങനെയെന്ന് അറ്റെൻഷൻ പ്ലീസ് അനാവരണം ചെയ്യുന്നു. സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ, നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിലെ പ്രദർശനത്തിന് ശേഷമെത്തിയ ബിരിയാണി കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കും പ്രേക്ഷക ശ്രദ്ധ നേടി.
യെല്ലോ ക്യാറ്റ്, ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് സ്പൈ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഒരു വ്യക്തിയിൽ നിന്നും മഹത്തായ കലാസൃഷ്ടിയിലേക്ക് രൂപമാറ്റം വന്ന മനുഷ്യന്‍റെ കഥയായ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ എന്ന ചിത്രവും മൂന്നാം ദിനത്തിന്‍റെ ആകർഷണമായി.