എറണാകുളം:വിവാദങ്ങൾക്കിടെ രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഉജ്ജ്വല തുടക്കം. സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ ഓൺലൈനായി മേളയുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്‌തു. സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി ജോർജിന്‍റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര തലത്തിലും ദേശീയ- സംസ്ഥാന തലത്തിലും അവാർഡ് ജേതാക്കളായ ചലച്ചിത്രമേഖലയിലെ വിവിധ പ്രമുഖർ ചേർന്ന് ഭദ്രദീപം കൊളുത്തി മേളക്ക് തുടക്കം കുറിച്ചു. കൊച്ചി മേയർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ മേളയിൽ നിന്നും ഒഴിവാക്കിയെന്ന സലിം കുമാറിന്‍റെ ആരോപണങ്ങൾക്ക് പറവൂരിലെ കെഎസ്എഫ്‌ഡിസി തിയേറ്റർ ഉദ്ഘാടനം ഓർമിപ്പിച്ച് മന്ത്രി എ.കെ ബാലൻ ഉദ്ഘാടന പ്രസംഗത്തിൽ മറുപടി പറഞ്ഞു. സലിം കുമാർ തിയേറ്റർ ഉദ്ഘാടനം ചെയ്തത് തന്‍റെ നിർദേശപ്രകാരമാണ്. നിർഭാഗ്യവശാൽ ഉണ്ടാകുന്ന വിവാദങ്ങൾക്ക് അൽപായുസ് മാത്രമാണുള്ളത്. മേള നടത്തുന്നതിൽ തുടക്കം മുതൽ വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു.
രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിലെത്തി; പുതുപ്രതീക്ഷക്ക് പ്രകാശം കൈമാറി കെ.ജി ജോർജ്
ഒരു വിവാദത്തിനും ബഹിഷ്‌കരണത്തിനും ഐഎഫ്എഫ്കെയെ തളർത്താനാവില്ലെന്ന് ചടങ്ങിൽ സംവിധായകൻ കമൽ വ്യക്തമാക്കി. മലയാളസിനിമയിലെ പുതിയ പ്രതീക്ഷകളായ 24 കലാകാരന്മാർ പ്രകാശം ഏറ്റുവാങ്ങി
ആദ്യം തിരുവനന്തപുരത്തിന്‍റെ പേരിലായിരുന്നു വിവാദം. അക്കാദമിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. കമലിന്‍റെ ക്ഷമാപണത്തിന് ശേഷവും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവാദങ്ങളും ബഹിഷ്ക്കരണങ്ങളും ഐഎഫ്എഫ്കെയെ തളർത്തില്ലന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ആരുടെയും അസാന്നിധ്യം മേളയുടെ ശോഭ കെടുത്തില്ല. 2017ലെ ഓഖിയിലും തൊട്ടടുത്ത വർഷത്തെ പ്രളയത്തിലും ഇപ്പോൾ മഹാമാരിയുടെ സാഹചര്യത്തിലും കേരള ചലച്ചിത്രോത്സവം ഒരു സാംസ്‌കാരിക പരിപാടിയായി സംഘടിപ്പിക്കാൻ കഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. സർക്കാരിന്‍റെയും മേളയുടെ ഡെലിഗേറ്റ്സിന്‍റെയും ചലച്ചിത്രപ്രേമികളുടെയും ഇച്ഛാശക്തിയുടെ ഫലമായാണ് കൊവിഡിനിടയിലും ഐഎഫ്എഫ്കെ നടത്താൻ സാധിക്കുന്നതെന്നും കമൽ വ്യക്തമാക്കി. പുതുതലമുറക്ക് 25 വർഷമായി നടന്നുവരുന്ന ചലച്ചിത്രമേള കൈമാറുന്ന ചരിത്ര മുഹൂർത്തമാണിത്. 2010 മുതൽ 2020 വരെ സംസ്ഥാന- ദേശീയ അവാർഡ് നേടിയ കലാകാരന്മാർക്കാണ് ദീപപ്രകാശം കൈമാറുന്നതെന്നും അതിൽ പ്രായമോ മറ്റ് ഘടകങ്ങളോ മാനദണ്ഡങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉദ്ഘാടന പരിപാടി കോൺഗ്രസ് ബഹിഷ്ക്കരിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ട കോൺഗ്രസ് എംഎൽഎമാർ മേളയിൽ നിന്ന് വിട്ടു നിന്നു. മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനി സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദർശിപ്പിച്ചു. കൊച്ചിയിലെ പ്രധാന വേദിയായ സരിത തിയേറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ടി.ജെ വിനോദ് എംഎൽഎയുടെ അഭാവത്തിൽ കൊച്ചി മേയർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.സ്വരാജ്, കെ.ജെ മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ ആശംസയർപ്പിച്ചു.