ഐഎഫ്എഫ്കെയുടെ 25ആം പതിപ്പ് ഫെബ്രുവരിയില്‍ നടക്കുമെന്ന് ചലച്ചിത്ര അക്കാദമി
ഒക്ടോബര്‍ 31 ആണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 10ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25ആം പതിപ്പിന്‍റെ തിയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. 2021 ഫെബ്രുവരിയില്‍ 12 മുതല്‍ 19 വരെയാണ് മേള നടക്കുക. കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പിന്തുടർന്നാവും മേള നടക്കുക. ഇതുവരെ എല്ലാ മേളയുടെ എല്ലാ പതിപ്പുകളും ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയാണ് നടത്തിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്ന് തിയേറ്ററുകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഐഎഫ്എഫ്കെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. 2019 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2020 ഓഗസ്റ്റ് ഏഴ് വരെ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ എന്‍ട്രികളായി അയക്കാം. ഒക്ടോബര്‍ 31 ആണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 10ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 20ന് പ്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും സമര്‍പ്പിക്കണം. ഫെബ്രുവരിയിലെ സാഹചര്യമനുസരിച്ച് ഏത് രീതിയിലാകും പ്രദേശങ്ങള്‍ എന്ന് തീരുമാനിക്കും. ഇത്തവണത്തെ ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയത്.