ഇന്ന് മലയാള സിനിമയില്‍ പുതുമുഖ സംവിധായകരുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങള്‍ കാണുമ്പോള്‍ താന്‍ റിട്ടയര്‍ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിക്കാറുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
പുതുമുഖ സംവിധായകരുടെ സിനിമകള്‍ കാണുമ്പോള്‍ റിട്ടയര്‍മെന്‍റിനെ കുറിച്ച് ആലോചിക്കാറുണ്ടെന്ന് പ്രിയദര്‍ശന്‍ - kumbalangi nights
മലയാളത്തിലെ പുതുതലമുറ ബ്രില്യന്‍റ് സിനിമകളാണ് എടുത്തുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു
'പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തതെന്ന്. എത്ര ഇന്‍ററസ്റ്റിങ്ങായിട്ടാണ് ആളുകള്‍ സിനിമയെടുക്കുന്നത്. പിന്നെ, മലയാളസിനിമയിലെ പെര്‍ഫോമന്‍സെന്ന് പറയുന്നത് റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ എന്നെപ്പോലുള്ള ആളുകള്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി, എന്നിട്ട് ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ട സമയമായിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മലയാളത്തിലെ പുതുതലമുറ ബ്രില്യന്‍റ് സിനിമകളാണ് എടുത്തുകൊണ്ടിരിക്കുന്നത്' പ്രിയദര്‍ശന്‍ പറയുന്നു.
അതേസമയം പഴയ തലമുറയിലെ മികച്ച നടന്മാരോടൊപ്പം നില്‍ക്കുന്നവര്‍ ഈ തലമുറയില്‍ ഉണ്ടോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും പ്രിയന്‍ പറഞ്ഞു. നടന്മാരുടെ അഭാവം സംവിധായകന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍; അറബിക്കടലിന്‍റെ സിംഹമെന്ന ചിത്രമാണ് പ്രിയന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.