ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമാകുകയാണ്. മരണസംഖ്യയും ഉയരുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ തന്‍റെ ആകുലതകള്‍ പങ്കുവെക്കുകയാണ് ഇസ്രയേല്‍ സ്വദേശിയും ഹോളിവുഡ് നടിയുമായ ഗാല്‍ ഗഡോട്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ രാജ്യത്തെക്കുറിച്ചും കുടുംബം, സുഹൃത്തുക്കള്‍, മറ്റ് ജനങ്ങളെക്കുറിച്ചും ആകുലപ്പെടുന്നുവെന്നാണ് ഗാല്‍ ഗഡോട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'ഹൃദയം തകരുന്നു, എന്‍റെ രാജ്യം യുദ്ധത്തിലാണ്.... എന്‍റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ആകുലതയുണ്ട്. സ്വതന്ത്രമായും സുരക്ഷിതമായുമിരിക്കാന്‍ ഇസ്രായേലിനും അവകാശമുണ്ട്. ഞങ്ങളുടെ അയല്‍വാസികളുമതെ.... സംഘര്‍ഷത്തില്‍ ഇരയായവര്‍ക്കും കുടുംബത്തിനും എന്‍റെ പ്രാര്‍ഥനകള്‍. ഈ ശത്രുത എന്നന്നേക്കുമായി അവസാനിക്കാനും പ്രാര്‍ഥിക്കുന്നു. ഇത് പരിഹരിക്കാന്‍ നേതാക്കന്‍മാര്‍ പോംവഴി കണ്ടെത്തുമെന്നും സമാധാനത്തോടെ ഇനിയുള്ള ദിനങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമെന്നും കരുതുന്നു' ഗാല്‍ ഗഡോട്ട് കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ താരത്തിന്‍റെ പോസ്റ്റ് വൈറലായി. നടിയുടെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. ഇസ്രായേല്‍ മാത്രമല്ല പലസ്തീനും യുദ്ധത്തിലാണെന്നും അത് മറക്കരുതെന്നും വിമര്‍ശകര്‍ കുറിച്ചു. ഗാല്‍ ഗഡോട്ട് 'വണ്ടര്‍ വുമണ്‍' എന്ന ചിത്രത്തിലൂടെയാണ് ലോകശ്രദ്ധനേടുന്നത്. ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്, ഡേ ആന്‍റ് നൈറ്റ്, ജസ്റ്റിസ് ലീഗ് തുടങ്ങിയവയാണ് താരത്തിന്‍റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.