നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തതിൽ മനംനൊന്ത് തമിഴ്നാട്ടിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്‍റെ പ്രതിഷേധം പങ്കുവെച്ച് നടന്‍ സൂര്യ രംഗത്തെത്തിയത്. മഹാമാരിക്ക് ഇടയില്‍ നടത്തുന്ന നീറ്റ് പരീക്ഷകളെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സൂര്യ വിമര്‍ശിച്ചു. നീറ്റ് പരീക്ഷയെ 'മനുനീതി' പരീക്ഷയെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. സൂര്യയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഹിന്ദു മക്കൾ കക്ഷി. സൂര്യയെ എവിടെ കണ്ടാലും ചെരുപ്പൂരി മുഖത്തടിക്കുന്നവര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളില്‍ ഒരാളായ ധര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്.
നടന്‍ സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി നേതാവ് - നടന്‍ സൂര്യ വിവാദം
സൂര്യയെ എവിടെ കണ്ടാലും ചെരുപ്പൂരി മുഖത്തടിക്കുന്നവര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളില്‍ ഒരാളായ ധര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്.
'നടന്‍ സൂര്യ വിദ്യാര്‍ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണ്. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണ്. മൂന്ന് വയസ് മുതലുള്ള കുട്ടികളെ ചേര്‍ക്കുകയാണ്. അഞ്ച് വയസ് മുതലാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഒന്നാംക്ലാസ് മുതലാണ് കുട്ടികള്‍ പഠനം തുടങ്ങേണ്ടത്. കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇത് നിയമങ്ങള്‍ക്കും സര്‍ക്കാരിന്‍റെ ചട്ടങ്ങള്‍ക്കും എതിരാണ്. ഇതിന്‍റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്‍റ് അര്‍ജുന്‍ സമ്പത്തിന്‍റെ വകയായി ഒരു ലക്ഷം രൂപ നല്‍കും' ഇതായിരുന്നു ധര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്.
നേതാവ് ധര്‍മ്മയുടെ വാക്കുകള്‍ വിവാദമായതോടെ പാര്‍ട്ടി അര്‍ജുന്‍ സമ്പത്ത് നേതാവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സമ്പത്ത് നല്‍കിയ വിശദീകരണം. നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് #TNstandWithSurya എന്ന ഹാഷ്‌ടാഗ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങാണ്.