25-ാമത് ഐഎഫ്എഫ്‌കെയുടെ കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചലച്ചിത്രമേള ബഹിഷ്‌കരിച്ചു. "സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല..." എന്ന് കുറിച്ചുകൊണ്ട് ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കുന്നതായി ഹൈബി ഈഡന്‍ എംപിയാണ് അറിയിച്ചത്. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കോൺഗ്രസ് ഫിലിം ഫെസ്റ്റിവൽ ബഹിഷ്കരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച തിരുവനന്തപുരത്ത് വച്ച് ഐഎഫ്എഫ്കെയുടെ 25-ാം പതിപ്പിന് തിരിതെളിഞ്ഞു. ഈ ഞായറാഴ്‌ച വരെയായിരുന്നു തലസ്ഥാന നഗരിയിൽ മേള സംഘടിപ്പിച്ചത്. കേരള ചലച്ചിത്രോത്സവത്തിന്‍റെ രണ്ടാം ഭാഗത്തിന് കൊച്ചിയിൽ ഇന്ന് വൈകുന്നേരം തിരിതെളിയും. എന്നാൽ, കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ക്ഷണിച്ചില്ലെന്നും അദ്ദേഹം ഒരു കോൺഗ്രസുകാരനായതിനാലാണ് മേളയിൽ നിന്ന് ഒഴിവാക്കിയതെന്നും ആരോപണം ഉയർന്നു. തനിക്ക് പ്രായം കൂടിയതാണ് വിളിക്കാത്തതിന് കാരണമായി ഭാരവാഹികൾ പറഞ്ഞതെന്ന് സലിം കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, സലിം കുമാറിനെ ക്ഷണിക്കാൻ വൈകിയതാണെന്ന് അക്കാദമി ചെയർമാൻ കമൽ കഴിഞ്ഞ ദിവസം വിശദമാക്കി. സലിംകുമാറിനോട് ഇന്നലെ സംസാരിച്ചപ്പോൾ പങ്കെടുക്കില്ലെന്ന് മറുപടി നൽകിയെന്നും അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയതാല്‍പര്യം ഉണ്ടാകുമെന്നും കമൽ പിന്നീട് പ്രതികരിച്ചു.